അയർലണ്ടിൽ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ ‘sextortion’ തട്ടിപ്പ്; മുന്നറിയിപ്പുമായി ഗാർഡ

അയര്‍ലണ്ടിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടത്തുന്ന പുതിയ ‘sextortion’ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി ഗാര്‍ഡ. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കണമെന്നും, ഇത്തരം സംഭവങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താനായി അവരുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും ഗാര്‍ഡ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികളെ പരിചയപ്പെടുന്ന തട്ടിപ്പുകാര്‍ കുറച്ച് പരിചയം ആയിക്കഴിഞ്ഞാല്‍ സ്വകാര്യ ഫോട്ടോകള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. അവരെ വിശ്വാസത്തിലെടുത്ത് ഫോട്ടോ നല്‍കിക്കഴിഞ്ഞാല്‍ പിന്നെ അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതാണ് ‘sextortion’ എന്ന ഈ തട്ടിപ്പ് രീതി.

അതേസമയം പണം നല്‍കിക്കഴിഞ്ഞാലും വീണ്ടും ഭീഷണി തുടരുകയും, കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്യുമെന്നതിനാല്‍ പ്രശ്‌നം ഇതോടെ അവസാനിക്കുന്നില്ലെന്നും ഗാര്‍ഡ പറയുന്നു.

ഇത്തരം സാഹചര്യമുണ്ടായാല്‍ മടിച്ചിരിക്കാതെ ആദ്യം ഗാര്‍ഡയെ ബന്ധപ്പെടുകയാണ് വേണ്ടതെന്ന് ഗാര്‍ഡ ക്രൈം പ്രിവന്‍ഷന്‍ ഓഫിസര്‍ മൈക്കല്‍ വാല്‍ഷ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനായി ഗാര്‍ഡക്ക് പ്രത്യേക സെല്‍ ഉണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അഥവാ ഇത്തരം ഭീഷണികള്‍ വന്നാലും പണം കൊടുത്ത് ഒതുക്കാന്‍ ശ്രമിക്കരുതെന്നും, പണം നല്‍കിയാലും അവര്‍ ഫോട്ടോ ഡിലീറ്റ് ചെയ്യും എന്നതിന് ഗ്യാരണ്ടിയൊന്നുമില്ലെന്നും വാല്‍ഷ് പറഞ്ഞു. അതിനാലാണ് ഗാര്‍ഡയെ ബന്ധപ്പെട്ട് തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തേണ്ടത്. തട്ടിപ്പുകാരോട് ഒരു തരത്തിലും പ്രതികരിക്കാതെ സംഭവം നേരെ ഗാര്‍ഡയെ അറിയിക്കുന്നതാണ് ഉചിതം.

ഇത്തരത്തില്‍ സമ്മതമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യുന്നത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

Share this news

Leave a Reply

%d bloggers like this: