അയർലണ്ടിലെ ചില ഫാർമസികൾ മരുന്നിന് ഈടാക്കുന്നത് ഇരട്ടി വിലയെന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലെ ചില ഫാര്‍മസികള്‍ മരുന്നുകള്‍ക്ക് ഇരട്ടി വില ഈടാക്കുന്നതായി റിപ്പോര്‍ട്ട്. Trinity College, Royal College of Surgeons (RCSI) എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഫാര്‍മസികളെക്കാള്‍ ഇരട്ടിയോളം വിലയാണ് ഒരേ പ്രിസ്‌ക്രിപ്ഷന് മറ്റ് ചില ഫാര്‍മസികള്‍ ഈടാക്കുന്നതായി കണ്ടെത്തിയത്.

രാജ്യത്തെ 1,500 കമ്മ്യൂണിറ്റി ഫാര്‍മസികളെ ഫോണിലും, ഇമെയിലിലും ബന്ധപ്പെട്ടാണ് ഗവേഷണം നടത്തിയത്. മറ്റ് 370 ഫാര്‍മസികളുടെ വെബ്‌സൈറ്റും പരിശോധിച്ചു.

ജനം സ്ഥിരമായി ഉപയോഗിക്കുന്ന 12 മരുന്നുകളുടെ വിലയാണ് താരതമ്യം ചെയ്തത്.

രാജ്യത്തെ നിയമമനുസരിച്ച് മരുന്നുകളുടെ വില ഉപഭോക്താക്കള്‍ക്ക് മനസിലാക്കാനായി ഫാര്‍മസികള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഒറ്റ ഫാര്‍മസി പോലും ഈ നിയമ പാലിക്കുന്നില്ല. ഗവേഷണത്തിന്റെ ഭാഗമായി വില വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ആകെ ഫാര്‍മസികളില്‍ 12% പേരും അത് വെളിപ്പെടുത്താന്‍ തയ്യാറായതുമില്ല.

സ്ഥിരമായി ആളുകളുപയോഗിക്കുന്ന സ്റ്റിറോയിഡായ prednisolone-ന് 88% അധികവിലയാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഇത് നല്‍കുന്ന ഫാര്‍മസികളെക്കാള്‍ അമിതമായി മറ്റ് പല ഫാര്‍മസികളും ഈടാക്കുന്നത്. അതായത് 5 യൂറോയിലേറെ.

മെഡിക്കല്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് HSE നിര്‍ദ്ദേശിച്ചിട്ടുള്ള വിലയെക്കാള്‍ അമിതമാണ് ഈ 12 മരുന്നുകള്‍ക്കും ഫാര്‍മസികള്‍ ഈടാക്കുന്ന ശരാശരി വില.

സ്ഥിരം ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നായ famciclovir-ന്റെ ശരാശരി വില 46 യൂറോ ആണ്. എന്നാല്‍ HSE നിര്‍ദ്ദേശപ്രകാരം ഇതിന്റെ പരമാവധി വില 37.31 യൂറോ ആണ്.

ചെയിന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലാണ് വില അധികമെന്നും, ഒറ്റയൊറ്റയായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളില്‍ പൊതുവെ വില കുറവാണെന്നും ഗവേഷണഫലത്തില്‍ വ്യക്തമാക്കുന്നു.

അയര്‍ലണ്ടിലെ രോഗികളില്‍ വലിയൊരു വിഭാഗവും ഏറെ പണം മരുന്നുകള്‍ക്കായി ചെലവിടേണ്ടിവരുന്നുവെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മരുന്ന് വാങ്ങാതിരിക്കാനും, ആരോഗ്യം മോശമാകാനും ഇടയാക്കും.

വില പ്രസിദ്ധപ്പെടുത്താത്തത് ഈ പ്രശ്‌നം ജനങ്ങള്‍ മനസിലാക്കുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: