ഡബ്ലിനിലെ VHI വനിതാ മിനി മാരത്തണില്‍ പങ്കെടുത്തത് ഇരുപതിനായിരത്തിലധികം പേര്‍

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അയര്‍ലന്‍ഡിലെ തെരുവുകളിലേക്ക് മടങ്ങിവന്ന ഡബ്ലിന്‍ VHI വനിതാ മിനി മാരത്തണില്‍ മത്സരാര്‍ഥികളുടെ വന്‍ പങ്കാളിത്തം. അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ ഇരുപതിനായിരത്തിലധികം വനിതകള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി മത്സരിച്ചു. VHI മിനി മാരത്തണിന്റെ നാല്‍പതാം വാര്‍ഷികമെന്ന പ്രത്യേകതയും ഇത്തവണത്തെ ഇവന്റിനുണ്ടായിരുന്നു.

വെറും 33 മിനിറ്റ് 07 സെക്കന്റുകള്‍ കൊണ്ട് 10 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ Aoife Kilgallon ആണ് ഇത്തവണത്തെ മാരത്തണിലെ വിജയി. സ്ലൈഗോ അത്‍ലറ്റിക് ക്ലബ്ബിനെ പ്രതിനിധീകരിച്ചുകൊണ്ടായിരന്നു Aoife മത്സരിച്ചത്. Donore Harriers ന് വേണ്ടി മത്സരിച്ച Sorcha Nic Dhomhnaill(33:07) രണ്ടാം സ്ഥാനത്തും, സഹോദരിയായ Ide Nic Dhomhnaill(33:26) മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

എലൈറ്റ് വീല്‍ചെയര്‍ വിഭാഗത്തില്‍ Shauna Bocquet(28:29)ഉം, കാഴ്ചപരിമിതിയുള്ളവരുടെ വിഭാഗത്തില്‍ Niamh Delany(57:42)ഉം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പരിപാടിയുടെ ഭാഗമായ മുഴുവന്‍ ആളുകളെയും അഭിനന്ദിക്കുന്നതായി വനിതാ മിനി മാരത്തണ്‍ ഇവന്റിന്റെ ജനറല്‍ മാനേജര്‍ David O’Leary പറഞ്ഞു. നാല്‍പതാം വാര്‍ഷിക ഇവന്റിനായി അയര്‍ലന്‍ഡിലെ തെരുവുകളിലേക്ക് തന്നെ മടങ്ങാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2020, 2021 വര്‍ഷങ്ങളില്‍ നടന്ന ഓണ്‍ലൈന്‍ ഇവന്റുകള്‍ വന്‍ വിജയമായിരുന്നെങ്കിലും, നേരിട്ടുള്ള മത്സരത്തിന്റെ ആവേശം അത് വേറെ തന്നെയാണെന്ന് പരിപാടിയുടെ പ്രധാന സ്പോണ്‍സറായ VHI യിലെ ഹ്യൂമണ്‍ റിസോഴ്സ് ഡയറക്ടര്‍ Amy Burke പറഞ്ഞു.

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോര്‍ക്ക് സിറ്റി മാരത്തണും കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. ഈസ്റ്റ് കോര്‍ക്ക് അത്‍ലറ്റിക് ക്ലബ്ബിനെ പ്രതിനിധീകരിച്ച Tim O’Donoghue(2:18:37) റെക്കോഡ് തിരുത്തിക്കൊണ്ട് പുരുഷ വിഭാഗത്തിലും, Leevale അത്‌ലറ്റിക് ക്ലബ്ബിനെ പ്രതിനിധീകരിച്ച Lizzie Lee(2:44:54) വനിതാ വിഭാഗത്തിലും ഒന്നാമതെത്തി.

Share this news

Leave a Reply

%d bloggers like this: