അ‌ടുത്ത ബജറ്റ് ജീവിതച്ചിലവിലെ വര്‍ദ്ധനവ് മൂലം കഷ്ടതയനുഭവിക്കുന്നവരെ ലക്ഷ്യം വച്ച്: പ്രധാനമന്ത്രി

ജീവിതച്ചിലവിലെ വര്‍ദ്ധനവ് മൂലം ബുദ്ധിമുട്ടിലായ ജനവിഭാഗങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ഒക്ടോബറില്‍ പ്രഖ്യാപിക്കുക എന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ജീവിതച്ചിലവിലെ വര്‍ദ്ധനവ് ജനങ്ങളിലുണ്ടാക്കിയ സമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും, ദാരിദ്ര്യത്തിന്റെ വക്കിലുള്ളവരെയാണ് ബജറ്റില്‍ സര്‍ക്കാര്‍ പ്രധാനമായും പരിഗണിക്കുകയെന്നും, അതിനായി ഒരു ‘കോസ്റ്റ്-ഓഫ്-ലിവിങ് ബജറ്റ്’ആണ് ഒക്ടോബറില്‍ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പം ഇനിയും വര്‍ദ്ധിക്കാതെ തന്നെ ഇത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

വിലക്കയറ്റം സംബന്ധമായ വിഷയത്തില്‍ സര്‍ക്കാര്‍ ശ്രദ്ധകൊടുക്കുന്നില്ലെന്ന ആരോപണങ്ങളെയും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തള്ളി. പ്രശ്നം പരിഹരിക്കുന്നതിനായി ദിവസേന സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്, വിലക്കയറ്റം ആളുകള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടാണ്ടാക്കുന്നു എന്ന് സര്‍ക്കാര്‍ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1970 കാലഘട്ടത്തിന് ശേഷം പണപ്പെരുപ്പം ഇത്രയും കുടിയിട്ടില്ല, അന്നുണ്ടായതു പോലൊരു സാഹചര്യം ഒഴിവാക്കുക എന്നതാണ് നിലവിലെ ലക്ഷ്യം, അതിനായി കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ഒക്ടോബറിലെ ബജറ്റിന് മുന്‍പായി ഒരു മിനി ബജറ്റ് പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രധാനമന്ത്രി ഇതിനുമുന്‍പ് തന്നെ നിരാകരിച്ചിരുന്നു. ബജറ്റ് തൊട്ടടുത്ത് തന്നെയുണ്ടെന്നും, ഇതിനുമുന്‍പായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നിലവിലെ പ്രശ്നങ്ങള്‍‍ തന്ത്രപരമായി പരിഹരിക്കുന്നതിനായുള്ള വിശാല പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സോഷ്യല്‍ പാര്‍ട്നേഴ്സുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: