വിദേശനഴ്‌സുമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നഴ്‌സിംഗ് ബോർഡുമായി തുടർചർച്ച നടത്തി മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് ;പരിഹരിക്കാമെന്ന് ഉറപ്പ് നൽകി എൻ.എം.ബി.ഐ

വിദേശനഴ്സുമാരുടെ രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നടത്തിയ ഓൺലൈൻ മീറ്റിംഗിൽ നഴ്സിംഗ് ബോർഡ് റെജിസ്ട്രേഷൻ വകുപ്പ് മേധാവി റേ ഹീലി, കമ്മ്യൂണിക്കേഷൻസ് വകുപ്പ് മേധാവി ഗ്രെ ഹാർക്കിൻ,മൈഗ്രന്റ് നഴ്സസ് അയർലണ്ട് നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ്, ജോയിന്റ്-കൺവീനർ ഐബി തോമസ്, നാഷണൽ മെമ്പർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സോമി തോമസ് എന്നിവർ പങ്കെടുത്തു.

പുതിയതായി അയർലന്‍ഡിൽ എത്തുന്ന നഴ്സുമാർ നേരിടുന്ന നാല് പ്രശ്നങ്ങളാണ് എം എൻ ഐ പ്രധാനമായും യോഗത്തിൽ ഉന്നയിച്ചത്. റെജിസ്ട്രേഷൻ നടപടികൾക്ക് വേണ്ടി വരുന്ന കാലതാമസമാണ് ഒന്നാമതായി ഉന്നയിച്ചത്. എം എൻ ഐക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കണക്കിന് നഴ്സുമാർ അയച്ച പരാതികളുടെ അടിസ്ഥാനത്തിൽ ശേഖരിച്ച വിശദമായ ഡാറ്റ യോഗത്തിനു മുൻപ് തന്നെ എൻ എം ബി ഐക്ക് സമർപ്പിച്ചിരുന്നു. ഇക്കാര്യം വിശദമായി യോഗം ചർച്ച ചെയ്തു. എം എൻ ഐയുടെ തന്നെ മുൻകാല പരാതിയുടെ അടിസ്ഥാനത്തിൽ പലനടപടികളും എൻ എം ബി ഐ കൈക്കൊണ്ടിരുന്നുവെങ്കിലും അവയൊന്നും പൂർണ്ണമായും ഫലം കണ്ടില്ല എന്നും കാലതാമസം ഇപ്പോഴും നിലനിൽക്കുന്നു എന്നത് യാഥാർഥ്യമാണ് എന്നും റെജിസ്ട്രേഷൻ വകുപ്പ് മേധാവി റേ ഹീലി അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി 100 ശതമാനത്തോളം വർദ്ധന അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായതും ഒരു കാരണമായി റേ ഹീലി ചൂണ്ടിക്കാട്ടി. 2020ൽ 2400 ഡിസിഷൻ ലെറ്ററുകൾ നൽകിയെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 2200ഓളം ഡിസിഷൻ ലെറ്ററുകൾ നൽകി കഴിഞ്ഞതായി റേ ഹീലി അറിയിച്ചു. എങ്കിലും നിലവിലുള്ള കാലതാമസം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് റേ ഹീലി എം എൻ ഐക്ക് ഉറപ്പു നൽകി.

രണ്ടാമതായി ഉന്നയിക്കപ്പെട്ട വിഷയം അയർലന്‍ഡിൽ എത്തി ആപ്റ്റിട്യൂട് ടെസ്റ്റും അഡാപ്റ്റേഷനും പാസ്സായ നഴ്സുമാരോട് സി സി പി എസ് സർട്ടിഫിക്കറ്റ് അഥവാ ഗുഡ് സ്റ്റാന്റിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആവശ്യപ്പെടുകയും അത് ലഭിക്കുന്നതിനുള്ള കാലതാമസം നഴ്സുമാർക്ക് റെജിസ്ട്രേഷൻ ലഭിക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്ന പ്രശ്നമാണ്.

അയർലന്‍ഡിൽ നിന്നുകൊണ്ട് ഇന്ത്യയിലെ നഴ്സിംഗ് കൗൺസിലിൽ നിന്ന് ഗുഡ് സ്റ്റാന്റിംഗ് സർട്ടിഫിക്കറ്റ് അപേക്ഷിച്ചാൽ അത് യഥാസമയം ലഭിക്കുക എന്നത് വളരെ വിഷമകരമായ സംഗതിയാണ് എന്ന കാര്യം എം എൻ ഐ യോഗത്തെ ധരിപ്പിച്ചു. നിലവിൽ ജോലി ചെയ്തിരുന്ന നഴ്സുമാർ ഒരു വർഷത്തിനുള്ളിൽ വാലിഡിറ്റി ഉള്ള ഗുഡ് സ്റ്റാന്റിംഗ് സർട്ടിഫിക്കറ്റ് ആണ് സമർപ്പിക്കേണ്ടത്. CCPS ഒരു വർഷത്തിലേറെ പഴക്കമുള്ളതാണെങ്കിൽ പുതിയത് സമർപ്പിക്കണം. പുതിയ ഗുഡ് സ്റ്റാന്റിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ആവശ്യമുള്ള നഴ്സുമാരോട് അവർ അയർലന്‍ഡിൽ എത്തുന്നതിനു മുൻപ് ഡിസിഷൻ ലെറ്റർ നൽകുന്ന സമയത്തു എൻ എം ബി ഐ ഇക്കാര്യം അവരോടു ആവശ്യപ്പെടുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം എന്ന നിർദ്ദേശം എം എൻ ഐ യോഗത്തിനു മുൻപാകെ വക്കുകയും ഇക്കാര്യം പരിഗണിക്കാമെന്ന് എൻ എം ബി ഐ യോഗത്തിൽ ഉറപ്പുനൽകുകയും ചെയ്തു.

നിലവിൽ അഡാപ്റ്റേഷനും ആപ്റ്റിട്യുടും പാസായ ശേഷം റെജിസ്ട്രേഷന് അപേക്ഷിക്കുന്ന സമയത്തു IELTS /OET സെർട്ടിഫിക്കറ്റുകൾ വാലിഡ്‌ ആയിരിക്കണമെന്ന വ്യവസ്ഥ ഉദ്യോഗാർത്ഥികൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാര്യവും റെജിസ്ട്രേഷന് വരുന്ന കാലതാമസം അപേക്ഷയുടെ അവസാന ഘട്ടമെത്തുമ്പോഴേക്കും ചില നഴ്സുമാരുടെ IELTS /OET കാലാവധി കഴിയുന്നത് മൂലം അവർക്കു വീണ്ടും ഇംഗ്ലീഷ് ടെസ്റ്റ് എടുക്കേണ്ടി വരുന്നതായി വരുന്ന കാര്യവും എൻ എം ബി ഐ ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തി. കഴിയുമെങ്കിൽ മുൻകാലങ്ങളിലേതുപോലെ അപേക്ഷയുടെ ആദ്യഘട്ടത്തിൽ തന്നെ IELTS /OET സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന രീതി പുനഃസ്ഥാപിക്കണമെന്നു എം എൻ ഐ യോഗത്തിൽ ആവശ്യപ്പെട്ടു. IELTS , OET സർട്ടിഫിക്കറ്റുകളുടെ കാലാവധി നിലവിലെ രണ്ടു വർഷത്തിൽ നിന്ന് വർധിപ്പിക്കണമെന്ന എൻ എം ബി ഐയുടെ അഭിപ്രായം അതാത് പരീക്ഷ ഏജൻസികളെ അറിയിക്കുമെന്നും റേ ഹീലി ഉറപ്പു നൽകി.

അവസാനമായി ഉന്നയിക്കപ്പെട്ട വിഷയം ആപ്റ്റിട്യൂട് ടെസ്റ്റും അഡാപ്റ്റേഷനും നടത്തുന്ന രീതിയിലെ അപാകതകളാണ്. നിലവിൽ ഇവ നടത്തുന്ന രീതി വിദേശ നഴ്സുമാരോട് സൗഹൃദപരമായ അല്ലെങ്കിൽ അവരുടെ കഴിവും അറിവും പൂർണ്ണവുമായി പ്രകടിപ്പിക്കാൻ ഉതകുന്ന രീതിയിൽ അല്ല എന്ന കാര്യം എം എൻ ഐ യോഗത്തിൽ ശക്തമായി അവതരിപ്പിച്ചു. പുതിയ ഒരു രാജ്യത്തു, അവർ ജോലി ചെയ്തിരുന്നതിൽ നിന്ന് വ്യത്യസ്തമായ ആരോഗ്യരംഗത്ത് ജോലി ചെയ്യേണ്ടി വരുമ്പോൾ നേരിടേണ്ടി വരുന്ന മാനസിക സമ്മർദ്ദം കണക്കിലെടുക്കാതെയാണ് നിലവിൽ അസ്സെസ്സ്മെന്റുകൾ നടക്കുന്നത്. ഈ പരീക്ഷാ രീതികളുടെ ഒരു സമഗ്രമായ നവീകരണവും അത് നടത്തുന്ന ഹോസ്പിറ്റലുകളിൽ ക്ര്യത്യമായ ഓഡിറ്റിങും ഉദ്യോഗാർത്ഥികളിൽ നിന്ന് ഫീഡ്ബാക്കും ശേഖരിക്കാനുമുള്ള നടപടികൾ കൈക്കൊള്ളണമെന്നും യോഗത്തിൽ എം എൻ ഐ ആവശ്യപ്പെട്ടു.

നിലവിലെ അഡാപ്റ്റേഷൻ സംവിധാനം 20 വർഷത്തിലേറെ പഴക്കമുള്ളതാണെന്നും അവ നവീകരിക്കാൻ എം എൻ ഐ വച്ച നിർദ്ദേശങ്ങൾ പരിഗണിക്കാമെന്നും യോഗത്തിൽ റേ ഹീലി ഉറപ്പുനൽകി. അയർലണ്ടിലെ ചില ആശുപത്രികൾ ആപ്റ്റിട്യൂട് പരീക്ഷ പാസ്സായ വിദേശ നഴ്സുമാരെകൊണ്ട് അഡാപ്റ്റേഷനും നിർബന്ധിതമായി ചെയ്യിക്കുന്നു എന്ന കാര്യവും എൻ എം ബി ഐയുടെ ശ്രദ്ധയിൽ പെടുത്തി. റെജിസ്ട്രേഷൻ ലഭിക്കാൻ ഒന്നുകിൽ ആപ്റ്റിട്യുടോ അല്ലെങ്കിൽ അഡാപ്റ്റേഷനോ മതിയെന്നിരിക്കെ ഇത് രണ്ടും ഒരാളെക്കൊണ്ട് ചെയ്യിക്കുന്നത് ചട്ട വിരുദ്ധമാണെന്നും ഇക്കാര്യം പരിശോധിക്കാമെന്നും യോഗത്തിൽ റേ ഹീലി ഉറപ്പു നൽകി.തുടർനടപടികൾ വിലയിരുത്താൻ ജൂലൈ ആറാം തിയ്യതി എൻ എം ബി ഐ യുടെ സി ഇ ഓ ഷീല മക്ലാൻഡുമായി എം എൻ ഐ ഭാരവാഹികൾ ചർച്ച നടത്തും.

MNI വെബ്സൈറ്റ്: https://migrantnurses.ie/

Share this news

Leave a Reply

%d bloggers like this: