യൂറോപ്പിലെ ഉഷ്ണതരംഗം; അയർലൻഡിൽ ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ

വേനല്‍ക്കാലം ശക്തമാവുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ വന്‍ ആശങ്കയിലാണ്. ശക്തമായ ഉഷ്ണതരംഗം മൂലം ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി അടക്കമുള്ള രാജ്യങ്ങളില്‍ താപനില 40 ഡിഗ്രീ സെല്‍ഷ്യസിന് മുകളിലേക്കും കടക്കുകയാണ്. നിലവിലെ ഉഷ്ണതരംഗങ്ങള്‍ ഭാവിയിലെ കാലാവസ്ഥയുടെ സൂചകമായാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഉഷ്ണതരംഗങ്ങളും, താപനിലയിലെ വര്‍ദ്ധനവും മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ വന്‍ ആശങ്കയിലേക്ക് തള്ളിവിടുമ്പോഴും, അയര്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യങ്ങള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നില്ല എന്നാണ് കാലാവസ്ഥാ മേഖലയിലെ വിദഗ്ധരുടെ നിരീക്ഷണം.

അയര്‍ലന്‍ഡിലെ അന്തരീക്ഷ താപനിലയില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടാവുന്നുണ്ടെങ്കിലും ഉടന്‍ ഇത് 40 ഡിഗ്രീ സെല്‍ഷ്യസിലേക്കെത്താന്‍ സാധ്യതയില്ല എന്നാണ് Maynooth സര്‍വ്വകലാശാലയിലെ പ്രൊഫസറും, കാലാവസ്ഥാ വിദഗ്ധനുമായ Peter Thorne അഭിപ്രായപ്പെട്ടത്. നിലവില്‍ ആഗോള ശരാശരിക്ക് സമാന്തരമായാണ് അയര്‍ലന്‍ഡിലെ താപനില വര്‍ദ്ധനവുണ്ടാവുന്നതെന്നും, pre-industrial level നേക്കാള്‍ 1.1 ഡിഗ്രീ മാത്രം കൂടുതലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

1800 കളില്‍ കില്‍ക്കെന്നിയില്‍ രേഖപ്പെടുത്തിയ 33.3 ഡിഗ്രീ സെല്‍ഷ്യസാണ് അയര്‍ലന്‍ഡിലെ റെക്കോഡ് താപനില. ഇരുപതാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയ കൂടിയ താപനിലയായ 32.5 രേഖപ്പെടുത്തിയത് Offaly യിലായിരുന്നു. വരും വര്‍ഷങ്ങളില്‍ ഈ റെക്കോഡുകള്‍ മറികടന്നേക്കാമെങ്കിലും ഉടന്‍ 40 ഡിഗ്രീയിലേക്കെത്താന്‍ സാധ്യതയില്ലെന്ന് Thorne പറഞ്ഞു.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേത് പോലുള്ള ഉഷ്ണതരംഗങ്ങള്‍ അയര്‍ലന്‍ഡിലേക്കെത്തില്ല എന്ന് Met Éireann ലെ മുതിര്‍ന്ന കാലാവസ്ഥാ വിദഗ്ധന്‍ Keith Lambkin പറഞ്ഞു. ഫ്രാന്‍സിലും, സ്പെയിനിലും നിലവിലുണ്ടാവുന്ന ഉഷ്ണതരംഗങ്ങള്‍ ആഫ്രിക്കയില്‍ നിന്നുള്ള കാറ്റിന്റെ ഫലമായുണ്ടാവുന്നതാണ്. എന്നാല്‍ അയര്‍ലന്‍ഡിലേക്ക് പ്രധാനമായും കാറ്റെത്തുന്നത് പടിഞ്ഞാറന്‍ ദിശയില്‍ നിന്നുമാണ്, അത്കൊണ്ടാണ് അയര്‍ലന്‍ഡില്‍ മിതമായ കാലാവസ്ഥ അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. താപനില 40 ന് മുകളില്‍ പോവുകയാണെങ്കില്‍ അത് നേരിടാവുന്ന രീതിയിലല്ല രാജ്യത്തെ കെട്ടിടങ്ങളുടെ ഘടനയെന്നും, കഴിഞ്ഞ വര്‍ഷം താപനില 28-29 ഡിഗ്രീ നിലയിലെത്തിയപ്പോള്‍ പോലും ജീവിതം എത്രത്തോളം ദുസ്സഹമായിരുന്നു എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: