ഡബ്ലിൻ മെട്രോലിങ്ക്: ഓരോ മൂന്ന് മിനിറ്റിലും ട്രെയിനുകൾ; പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് സർക്കാർ

ഡബ്ലിന്‍ നഗരത്തിലൂടെ കടന്നുപോവുന്ന നിര്‍ദ്ദിഷ്ട മെട്രോലിങ്കിനായുള്ള പുതിയ പദ്ധതി അവതരിപ്പിച്ച് സര്‍ക്കാര്‍. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അയര്‍ലന്‍ന്‍ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

അയര്‍ലന്‍ഡ് തലസ്ഥാനത്ത് നടപ്പാക്കുന്ന മെഗാ ട്രാന്‍സ്പോര്‍ട്ട് പദ്ധതിയായ മെട്രോലിങ്കിന്റെ പ്ലാനിങ് സബ്മിഷന്‍ ഈ സെപ്തംബറില്‍ തന്നെ നടത്തുമെന്നും, 2030 ഓടെ മെട്രോലിങ്ക് പ്രവര്‍ത്തനസജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അയര്‍ലന്‍ഡില്‍ വിവിധ സര്‍ക്കാരുകള്‍ മെട്രോ ലിങ്ക് പദ്ധതി നടപ്പാക്കാനായി ലക്ഷ്യമിട്ടിരുന്നെങ്കിലും പലകാരണങ്ങളാലും ഇവ നടപ്പായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പദ്ധതിയുമായി മുന്നോ‌ട്ട് പോവാനുള്ള അനുമതി ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ക്യാബിനറ്റില്‍ നിന്നും നേടിയെടുക്കുകയായിരുന്നു.

ഭൂരിഭാഗവും ഭൂഗര്‍ഭ പാതയിലൂടെ പോവുന്ന നിര്‍ദ്ദിഷ്ട ഡബ്ലിന്‍ മെട്രോ സര്‍വ്വീസ് Swords ല്‍ നിന്ന് ആരംഭിച്ച് നഗരത്തിന്റെ തെക്ക് Charlemont ല്‍ അവസാനിക്കുകയും ചെയ്യും. ഡബ്ലിന്‍ എയര്‍പോര്‍ട്ട്, സിറ്റി സെന്റര്‍, Ballymun , Glasnevin എന്നീ സുപ്രധാന മേഖലകളിലൂടെയും പാത കടന്നുപോവും.

തിരക്കേറിയ സമയങ്ങളില്‍ ഓരോ മൂന്ന് മിനിറ്റിലും സര്‍വ്വീസുകളുണ്ടാവുമെന്നും, ഓരോ മണിക്കൂറിലും 20000 യാത്രക്കാര്‍ക്ക് വരെ ഓരോ ദിശയിലും സഞ്ചരിക്കാമെന്നും മന്ത്രി പറഞ്ഞു. ഐറിഷ് റെയില്‍, ഡബ്ലിനിലെ ബസ് സര്‍വ്വീസ് എന്നിവയുമായും മെട്രോ സര്‍വ്വീസുകളെ ബന്ധപ്പെടുത്തും. 175000 ആളുകള്‍ക്ക് കാല്‍നടയായി തന്നെ മെട്രോ സ്റ്റേഷനുകളില്‍ എത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

അയര്‍ലന്‍ഡിന്റെ തലസ്ഥാന നഗരിയിലെ ഗതാഗതസംവിധാനത്തില്‍ വലിയ മാറ്റം വരുത്താന്‍ സാധ്യതുയുള്ള പദ്ധതിയാണ് ഡബ്ലിന്‍ മെട്രോലിങ്ക് എന്ന് മന്ത്രി പറഞ്ഞു. രണ്ട് പതിറ്റാണ്ടോളമായി പദ്ധതി മേശപ്പുറത്താണ്, എന്നാല്‍ പ്രാഥമിക ബിസിനസ് കേസ് ക്യാബിനറ്റ് അംഗീകരിച്ചത് ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തിന്റെ പ്രധാനനഗരത്തില്‍ മെട്രോ സര്‍വ്വീസ് ഇല്ലാത്ത ചുരുക്കം ചില യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡ്.

ഐറിഷ് പൊതുഗതാഗതത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനദിവസമാണ് ഇതെന്ന് NTA സി.ഇ.ഒ Anne Graham പറഞ്ഞു. ഭാവിയില്‍ ആളുകള്‍ സ്വന്തം വാഹനത്തിന് പകരം പൊതുഗതാഗതം ഉപയോഗിക്കാന്‍ പദ്ധതി കാരണമാവുമെന്നും അവര്‍ പറഞ്ഞു.

അതേസമയം പദ്ധതിയുടെ കാലാവധി സംബന്ധിച്ചോ, ചിലവുകള്‍ സംബന്ധിച്ചോ സര്‍ക്കാര്‍ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. 2025 ല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും, 2031 മുതല്‍ 2034 വരെയുള്ള കാലയളവിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാവുമെന്നുമാണ് ലഭിക്കുന്ന വിവരം. 9.5 ബില്യണ്‍ യൂറോ വരെയാണ് നിലവില്‍ ചിലവ് കണക്കാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: