അയർലൻഡ് കൊടും ചൂടിലേക്ക്; താപനില കൂടുമ്പോൾ സുരക്ഷിതരായിരിക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെ?

നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് അയര്‍ലന്‍ഡില്‍ താപനിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. താപനില 30 ഡിഗ്രീ വരെയോ, അതിനുമുകളിലേക്കോ ഉയരാമെന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ അസാധാരണ സാഹചര്യത്തില്‍ കൊടും ചൂടില്‍ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി ജനങ്ങള്‍ ധാരാളം മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

ഹൈഡ്രേഷന്‍

അന്തരീക്ഷ താപനില ഉയരുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക എന്നാണ് HSE അടക്കമുള്ള ആരോഗ്യ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദ്ദേശം. പ്രായപൂര്‍ത്തിയായ ഒരാള്‍ മിനിമം രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും കുടിച്ചിരിക്കണം.

വീടുകള്‍ തണുപ്പിച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും, ഏറെ നേരം വെയിലത്ത് നില്‍ക്കുന്നത് ഒഴിവാക്കണമെന്നും Public Health Medicine കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ Ina Kelly നിര്‍ദ്ദേശം നല്‍കുന്നു.

രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വീടുകളിലെ ജനാലകള്‍ അടച്ചിടാനും, ഈ സമയങ്ങളില്‍ പുറത്തേങ്ങിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കാനും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു.

Heat stress, heat exhaustion , heatstroke എന്നീ അവസ്ഥകളാണ് പ്രധാനമായും ചൂടുകൂടുന്നത് കൊണ്ട് ഉണ്ടാവുന്നത്. 65 വയസ്സില്‍ മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും വേണം.

കുട്ടികളെയും, പ്രായമാരയവരെയും ചൂട് കൂടിയ സമയങ്ങളില്‍ കാറുകളില്‍ തനിച്ചാക്കി പുറത്തേക്ക് പോവരുതെന്ന് ഡോക്ടര്‍ കെല്ലി നിര്‍ദ്ദേശിച്ചു. seizure, ഹൃദയമിടിപ്പ് കൂടല്‍ എന്നിവയുണ്ടായാല്‍ ഉടന്‍ ആശുപത്രികളിലേക്കും എത്തിക്കണം.

സൂര്യാഘാതം ഒഴിവാക്കാന്‍

ഉഷ്ണതരംഗങ്ങള്‍ അന്തരീക്ഷ താപനില ഉയര്‍ത്തുന്നതിനൊപ്പം തന്നെ അര്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതലായി ഭൂമിയിലേക്ക പതിക്കുന്നതിനും കാരണമാവും. ഇത് പിന്നീട് സൂര്യഘാതത്തിലേക്ക് നയിച്ചേക്കാം. രാവിലെ 11 മണി മുതല്‍ 3 വരെയാണ് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതല്‍.
11 മണി മുതല്‍ 3 മണി വരെ പുറത്തുള്ള ആളുകള്‍ SunSmart 5 Ss മനസ്സില്‍ ഓര്‍ക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് മെഡിസിന്‍ കണ്‍സള്‍ട്ടന്റ് Dr Triona McCarthy നിര്‍ദ്ദേശിച്ചു. കണ്ണുകളുടെ സുരക്ഷയ്ക്കായി സണ്‍ഗ്ലാസുകള്‍ ധരിക്കുന്നതും ഉചിതമാണെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.

വീടുകള്‍ കൂള്‍ ആക്കി നിര്‍ത്താം..

വീടുകള്‍ തണുപ്പിച്ച് നിര്‍ത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമന്ന് Irish College of General Practitioners ലെ മെഡിക്കല്‍ ഓഫീസര്‍ Dr Diarmuid Quinlan പറഞ്ഞു. കര്‍ട്ടനുകളും, ബ്ലൈന്റുകളും അടച്ചിടുക, ജനാലകള്‍ അടച്ചിടുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.

ജനാലകള്‍ തുറന്നിടുകയാണെങ്കില്‍ പുറത്തെ ചൂട് അകത്തേക്ക് കടക്കാന്‍ വലിയ സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ വൈകുന്നേരങ്ങളിലോ, രാത്രി സമയങ്ങളിലോ ജനാലകള്‍ തുറന്നിടാമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി കാലങ്ങളില്‍

താപനില വര്‍ദ്ധിക്കുമ്പോള്‍ രാത്രികാലങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. രാത്രി വൈകുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയാനുള്ള സാധ്യത കൂ‌ടുതലാണ്. അതോടൊപ്പം ഡീഹൈഡ്രൈഷന്‍ കൂടെ ഉണ്ടായാല്‍ ആളുകള്‍ക്ക് തളര്‍ച്ച ഉണ്ടായേക്കാം. . വെള്ളം ധാരാളം കുടിച്ചു എന്ന് ഉറപ്പ് വരുത്തിയ ശേഷം ഉറങ്ങാന്‍ കിടക്കുക, രാത്രി ധരിക്കുന്ന വസ്ത്രങ്ങള്‍ കോട്ടണ്‍ ആണെന്ന് ഉറപ്പ് വരുത്തുക, ഫാന്‍ ഇടുക തുടങ്ങിയവയും ശ്രദ്ധിക്കണം.

മുങ്ങിക്കുളിക്കുന്നവര്‍ ശ്രദ്ധിക്കാന്‍

ചൂട് കുടുമ്പോള്‍ സ്വാഭാവികമായും വെള്ളത്തില്‍ മുങ്ങിക്കുളിക്കാനുള്ള പ്രവണത ആളുകളിലുണ്ടാവും. ഈ സാഹചര്യത്തില്‍ വെള്ളത്തിലിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാട്ടര്‍ സേഫ്റ്റി അയര്‍ലന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അയര്‍ലന്‍ഡില്‍ ഓരോ മാസവും ശരാശരി 9 പേരെങ്കിലും മുങ്ങി മരിക്കുന്നതായാണ് കണക്കുകള്‍.

Share this news

Leave a Reply

%d bloggers like this: