ഗർഭിണികൾക്കും , 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും കോവിഡ് വാക്‌സിൻ രണ്ടാം ബൂസ്റ്റർ ഡോസിനുള്ള ബുക്കിങ് ആരംഭിച്ചു

അയര്‍ലന്‍ഡിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ഗര്‍ഭിണികള്‍ക്കുമുള്ള കോവിഡ് വാക്സിന്‍ രണ്ടാം ബൂസ്റ്റര്‍ ഡോസിനുള്ള ബുക്കിങ് ആരംഭിച്ചു. ആഗസ്ത് 15 മുതലുള്ള തീയ്യതികളിലാണ് വാക്സിന്‍ നല്‍കിത്തുടങ്ങുക. HSE യുടെ വാക്സിനേഷന്‍ ക്ലിനിക്കുകള്‍ വഴിയും, വാക്സിനേഷന്റെ ഭാഗമായ ഫാര്‍മസികള്‍ വഴിയും, അംഗീകൃത ജി.പി മാര്‍ വഴിയും വാക്സിന്‍ വിതരണം ചെയ്യും.

55 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആഗസ്ത് 22 മുതലും, 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആഗസ്ത് 29 മുതലും വാക്സിന്‍ നല്‍കിത്തുടങ്ങുമെന്ന് HSE അറിയിച്ചു. കൂടാതെ 5 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള പ്രതിരോധ ശേഷി കുറഞ്ഞവരിലും, ബൂസ്റ്റര്‍ ഡോസുകള്‍ വരും ആഴ്ചകളില്‍ നല്‍കും. 12 വയസ്സിന് മുകളില്‍ പ്രായമുള്ളതും, നിലവില്‍ ഏതെങ്കിലും രോഗബാധിതരായി കെയര്‍ ഫെസിലിറ്റികളിലും കഴിയുന്നവര്‍ക്ക് സെപ്തംബര്‍ 1 മുതലാണ് വാക്സിന്‍ ലഭിക്കുക. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒക്ടോബറില്‍ ഫ്ലൂ വാക്സിനൊപ്പം അടുത്ത ഡോസ് ബൂസ്റ്റര്‍ വാക്സിന്‍ നല്‍കും.

അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും ഈ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണമെന്ന് HSE ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ Dr Colm Henry കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: