അയർലൻഡിലെ Shannon എയർപോർട്ടിൽ മെഡിക്കൽ എമർജൻസി മൂലം ഒരേ ദിവസം അടിയന്തിര ലാൻഡിങ് നടത്തിയത് രണ്ട്‌ വിമാനങ്ങൾ

അയര്‍ലന്‍ഡിലെ Clare കൗണ്ടിയിലെ Shannon എയര്‍പോര്‍ട്ടില്‍ മെഡിക്കല്‍ എമര്‍ജന്‍സി മൂലം ശനിയാഴ്ച അടിയന്തിര ലാന്റിങ് നടത്തിയത് രണ്ട് വിമാനങ്ങള്‍. ആറ് വയസ്സുകാരനായ കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു ഒരു വിമാനം എമര്‍ജന്‍സി ലാന്റിങ് നടത്തിയത്.

ആംസ്റ്റര്‍ഡാമില്‍ നിന്നും Aruba യിലേക്ക് പോവുകയായിരുന്ന OR-383 ഹോളിഡേ ജെറ്റിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതോടെ വിമാനം അടിയന്തിര ലാന്റിങ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ഈ സമയം Shannon എയര്‍പോര്‍ട്ടിന് 500 കിലോമീറ്റര്‍ അകലത്തായിരുന്നു വിമാനം ഉണ്ടായിരുന്നത്.

തുടര്‍ന്ന് വിമാനം അടിയന്തിരമായി ലാന്റ് ചെയ്യാനുള്ള അനുമതിക്കായി അധിക‍‍ൃതര്‍ ആവശ്യപ്പെടുകയും ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയുടെ നോര്‍ത്ത് അറ്റ്‍ലാന്റിക് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അനുമതി നല്‍കുകയും ചെയ്തു. വിമാനം അടിയന്തിര ലാന്റിങ് നടത്തുന്നതിന്റെ ഭാഗമായി ആംബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങളും ഇതിനകം എയര്‍പോര്‍ട്ടില്‍ നടത്തിയിരുന്നു.

രാത്രി 7.05 ഓടെയാണ് വിമാനം ലാന്റ് ചെയ്തത്. തുടര്‍ന്ന് കുട്ടിയെ ലിമറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. Aruba യിലേക്കുള്ള യാത്ര റദ്ദാക്കിയ ശേഷം രാത്രി 9.30 ഓടെ വിമാനം തിരിച്ച് ആംസ്റ്റര്‍ഡാമിലേക്ക് തന്നെയാണ് പറന്നത്.

ശനിയാഴ്ച രാവിലെ 8.15 നായിരുന്നു കാനഡയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് പറക്കുകയായിരുന്ന Westjet Airlines flight WS-3 അടിയന്തിരമായ Shannon എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തത്. Kerry ക്ക് തെക്ക് പടിഞ്ഞാറ് 330 കിലോമീറ്റര്‍ അകലെയും Shannon ന് 460 കിലോമീറ്റര്‍ അകലെയുമായി പറക്കുകയായിരുന്നു ഈ വിമാനം. ഒരു യാത്രക്കാരന്‍ അസുഖ ബാധിതനായതിനെത്തുടര്‍ന്ന് വിമാനത്തിലെ പൈലറ്റ് Shannon ല്‍ ‍അടിയന്തിരമായി ലാന്റ് ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ടു. അസുഖബാധിതനായ യാത്രക്കാരനെ ലിമറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റിലിലേക്ക് മാറ്റിയ ശേഷം രാത്രി 9.41 നാണ് വിമാനം Gatwick ലേക്കുള്ള യാത്ര തുടര്‍ന്നത്.

Share this news

Leave a Reply

%d bloggers like this: