ഉക്രൈനിലെ ഐറിഷ് എംബസി വീണ്ടും തുറക്കാനൊരുങ്ങുന്നതായി വിദേശകാര്യമന്ത്രി Simon Coveney

റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് അടച്ചിട്ട കീവിലെ ഐറിഷ് എംബസി തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നതായി അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രി Simon Coveney. ഉക്രൈനിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ ആറ് മാസക്കാലത്തോളം റിമോട്ട് രീതിയിലായിരുന്നു എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.

ഉക്രൈനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ പുതുക്കുകയും, അതുവഴി ഉക്രൈന്‍ സര്‍ക്കാരിനും, ജനങ്ങള്‍ക്കുമുള്ള പിന്തുണ അറിയിക്കുകയും ചെയ്യുക എന്നതാണ് എംബസി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ ഐറിഷ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയവും, യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ഉക്രൈനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ഉക്രൈനിലേക്ക് യാതൊരു കാരണവശാലും യാത്ര ചെയ്യരുതെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഉക്രൈനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദേശ എംബസികള്‍ക്കും സമാനമായി പരിമിതമായ ശേഷിയോടെ മാത്രമാണ് ഐറിഷ് എംബസിയും പ്രവര്‍ത്തിക്കുക.. നേരത്തെ യു,കെ, യു.എസ്, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ അവരുടെ ഉക്രൈനിലെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: