സിക്കന്ദർ റാസയുടെ ഒറ്റയാൾ പോരാട്ടം വിഫലമായി ; ഇന്ത്യ വിറച്ചു ജയിച്ചു

സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആവേശജയം. സിക്കന്ദർ റാസയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ ബലത്തിൽ ഇന്ത്യയെ വിറപ്പിച്ചാണ് സിംബാബ്‌വെ കീഴടങ്ങിയത്. വെറും13 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 49.3 ഓവറിൽ 276 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടായി. 95 പന്തുകളിൽ 115 റൺസെടുത്ത ഓൾറൗണ്ടർ സിക്കന്ദർ റാസ സിംബാബ്‌വെയ്ക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും മത്സരത്തിന്റെ അവസാനഭാഗത്ത് ശുഭ്മാന്‍ ഗില്ലിന്‍റെ സുന്ദരമായ ക്യാച്ച് ഇദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് അവസാനം കുറിച്ചു.സിംബാബ്‌വെയുടെ മറ്റൊരു ഓൾ റൗണ്ടറായ സീൻ വില്ല്യംസ് 45 റൺസെടുത്തു.

290 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ഘട്ടത്തിൽ 169-7 എന്ന സ്കോറിലേക്ക് ചുരുങ്ങിയ സിംബാബ്‌വെ തോല്‍വി ഉറപ്പിച്ചതായിരുന്നു. എന്നാൽ ബ്രാഡ് ഇവാന്‍സ് എന്ന വാലറ്റക്കാരനില്‍ പറ്റിയ പങ്കാളിയെ കണ്ടെത്തിയ സിക്കന്ദര്‍ റാസ ഒരറ്റത്ത് ആക്രമണം നയിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.

അവസാന രണ്ടോവറില്‍ 17 റണ്‍സ് മാത്രം മതിയായിരുന്നു സിംബാബ്‌വെക്ക് ജയിക്കാന്‍. എന്നാല്‍ 48-ാം ഓവറിലെ അവസാന പന്തില്‍ ബ്രാഡ് ഇവാന്‍സ് പുറത്തായത് റാസയുടെ സമ്മര്‍ദ്ദം കൂട്ടി. ഇതോടെ ലക്ഷ്യത്തിലെത്താന്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ 49-ാം ഓവറില്‍ റാസ സാഹസത്തിന് മുതിര്‍ന്നു. നാലാം പന്തില്‍ സിക്സിന് ശ്രമിച്ച റാസയെ ലോംഗ് ഓണില്‍ ശുഭ്മാന്‍ ഗില്‍ സുന്ദരമായ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു ഇതോടെ സിംബാബ്‌വെയും വിജപ്രതീക്ഷയും അസ്തമിച്ചു.

പരമ്പരയിൽ ആദ്യമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 289 റൺസെടുത്തത്. കന്നി ഏകദിന സെഞ്ചുറി നേടിയ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 97 പന്തുകൾ നേരിട്ട് 130 റൺസെടുത്ത ഗില്ലിനൊപ്പം അർദ്ധ സെഞ്ചുറിയുമായി ഇഷാൻ കിഷനും (50) തിളങ്ങി. സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാൻസ് 5 വിക്കറ്റ് നേടി.

Share this news

Leave a Reply

%d bloggers like this: