അയർലൻഡിലെ 80 ശതമാനത്തിലധികം ആളുകളും വാർത്ത വായിക്കുന്നത് ഓൺലൈനിലെന്ന് യൂറോസ്റ്റാറ്റ്

അയര്‍ലന്‍ഡിലെ 80 ശതമാനത്തിലധികം‍ ആളുകളും വാര്‍ത്തകള്‍ വായിക്കുന്നത് ഓണ്‍ലൈനിലെന്ന് പഠനറിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ ഡാറ്റാ അനാലിസിസ് വിഭാഗമായ യൂറോസ്റ്റാറ്റ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇതുപ്രകാരം അയര്‍ലന്‍ഡിലെ 80 ശതമാനത്തിലധികം ആളുകള്‍ ഓണ്‍ലൈനില്‍ വീഡിയോകളും, ഷോകളും കാണുന്നതായും, 60 ശതമാനം ആളുകള്‍ ഓണ്‍ലൈനില്‍ സംഗീതം ആസ്വദിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അയര്‍ലന്‍ഡിലെ 20 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനില്‍ ഗെയിമുകള്‍ കളിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്പിലെയാകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 16 നും 74 നും ഇടയില്‍ പ്രായമുള്ളവരില്‍ 89 ശതമാനം ആളുകളും 2021 ല്‍ ഓണ്‍ലൈന്‍ ന്യൂസുകള്‍ വായിക്കാനായി ഇന്റര്‍നെറ്റ് ഉപയോഗിച്ചവരാണ്. ഓണ്‍ലൈനായി വാര്‍ത്തകള്‍ വായിക്കുന്നവരുടെ പട്ടികയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള യൂറോപ്യന്‍ രാജ്യം ഫിന്‍ലന്‍ഡാണ് .93 ശതമാനം ഫിന്‍ലന്‍ഡുകാരും ഓണ്‍ലൈനിലാണ് വാര്‍ത്ത വായിച്ചിട്ടുള്ളത്. 92 ശതമാനവുമായി ലിത്വാനിയ, ചെക്ക് റിപബ്ലിക് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.

ഓണ്‍ലൈനില്‍ ന്യൂസ് വായിക്കുന്നവരുടെ കാര്യത്തില്‍ ഏറ്റവും പിറകില്‍ നിര്‍ക്കുന്ന രാജ്യം റൊമാനിയയാണ്(59). ജര്‍മ്മനി(65), ഫ്രാന്‍സ്(63), ഇറ്റലി(64), ബെല്‍ജിയം(67) എന്നിവരാണ് പിറകില്‍ നില്‍ക്കുന്ന മറ്റു രാജ്യങ്ങള്‍.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരാണ് കൂടൂതലായി ഓണ്‍ലൈന്‍ ന്യൂസുകള്‍ വായിക്കുന്നതെന്ന നീരീക്ഷണവും യൂറോസ്റ്റാറ്റ് നടത്തിയിട്ടുണ്ട്. ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 74 ശതമാനം പുരുഷന്‍മാരും, 71 ശതമാനം സ്ത്രീകളുമാണ് ഓണ്‍ലൈന്‍ ന്യൂസുകള്‍ വായിക്കുന്നത്. 2016 ലെ കണക്കുകളെ അപേക്ഷിച്ച് 2021 ല്‍ ഓണ്‍ലൈനായി വാര്‍ത്തകള്‍ വായിക്കുന്ന യൂറോപ്പിലെ പുരുഷന്‍മാരുടെ എണ്ണത്തില്‍ 3 ശതമാനത്തിന്റെയും, സ്ത്രീകളുടെ എണ്ണത്തില്‍ 2 ശതമാനത്തിന്റെയും വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: