അയർലൻഡ് ജനസംഖ്യയിൽ 14 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവ് ;CSO കണക്കുകൾ പുറത്ത്

അയര്‍ലന്‍ഡിലെ ജനസംഖ്യയില്‍ 2008 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്(CSO). 2022 ഏപ്രില്‍ അവസാനം വരെയുള്ള ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സ്വാഭാവികമായ വര്‍ദ്ധനവ്, കുടിയേറ്റം എന്നിവയിലൂടെ ജനസംഖ്യയില്‍ 88000 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2008 ല്‍ 109,200 ആയിരുന്നു ജനസംഖ്യയില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ്.

ഏപ്രില്‍ വരെയുള്ള 12 മാസക്കാലയളവില്‍ 120,700 പേര്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയതായി CSO റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടിയില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. കുടിയേറ്റക്കാരില്‍ 28900 പേര്‍ രാജ്യത്തേക്ക് തിരിച്ചെത്തിയ ഐറിഷ് വംശജരാണ്. 24300 പേര്‍ മറ്റു ഇ.യു രാജ്യങ്ങളില്‍ നിന്നും, 4500 പേര്‍ യു.കെയില്‍ നിന്നുമാണ് രാജ്യത്തേക്ക് കുടിയേറിയത്. ശേഷിക്കുന്ന 63000 പേര്‍ ഉക്രൈന്‍ ഉള്‍പ്പെടെയുള്ള മറ്റു വിദേശരാഷ്ട്രങ്ങളില്‍ നിന്നും അയര്‍ലന്‍ഡിലെത്തിയവരാണ്.

അയര്‍ലന്‍ഡില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു വര്‍ഷത്തിനിടയില്‍ 59600 പേരാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഈ രണ്ടു കണക്കുകളും തമ്മിലുള്ള വ്യത്യാസമായ 61100 ആണ് പ്രസ്തുത ഒരു വര്‍ഷക്കാലത്തെ പോസിറ്റിവ് നെറ്റ് മൈഗ്രേഷന്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നെറ്റ് മൈഗ്രേഷനില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷക്കാലം രാജ്യത്ത് 60700 ജനനങ്ങളും, 33000 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവ പരിഗണിക്കുമ്പോള്‍ 27700 ആണ് പ്രസ്തുത ഒരു വര്‍ഷക്കാലത്തെ അയര്‍ലന്‍ഡ് ജനസംഖ്യയിലെ സ്വാഭാവിക വര്‍ദ്ധനവ്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ ഡബ്ലിനിലെ ജനസംഖ്യയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും CSO റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ലെ കണക്കുകളെ അപേക്ഷിച്ച് 2022 ല്‍ 27.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഡബ്ലിനിലെ ജനസംഖ്യയില്‍ ഉണ്ടായിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: