സൂര്യകുമാർ കസറി… ഹോങ്കോങ്ങിനെതിരെ 40 റൺസ് വിജയവുമായി ഇന്ത്യ സൂപ്പർ ഫോറിൽ

ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഹോങ്കോങ്ങിനെ 40 റണ്‍സിനാണ് നീലപ്പട പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഹോങ്കോങ്ങിനായില്ല. നിശ്ചിത20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയില്‍ ഹോങ്കോങ്ങ് ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ടൂര്‍ണ്ണമെന്റിന്റെ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടാന്‍ ഇന്ത്യക്കായി. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച സൂര്യകുമാര്‍ യാദവാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ ടോസ് നേടിയ ഹോങ്കോങ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ കെ,എല്‍ രാഹുലും, രോഹിത് ശര്‍മയും ആക്രമിച്ച് കളിക്കാന്‍ വിമുഖത കാട്ടിയതോടെ ഇന്ത്യന്‍ സ്കോര്‍ പതിയെ മാത്രമായിരുന്നു ഉയര്‍ന്നത്. തുടര്‍ന്ന് അഞ്ചാം ഓവറില്‍ നായകന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ വന്ന വിരാട് കോലി പക്വതയോടെ സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമം നടത്തി. എന്നാല്‍ മറുപക്ഷത്ത് രാഹുലിന് സ്കോറിങ്ങിന് വേഗത കൂട്ടാന്‍ കഴിഞ്ഞില്ല. പതിമൂന്നാം ഓവറില്‍ രാഹുല്‍ പുറത്താവുമ്പോള്‍ 94 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

നാലാമതായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ മികച്ച സ്കോറിലേക്കുയര്‍ത്തി. വെറും 26 പന്തുകളില്‍ നിന്നും 68 റണ്‍സാണ് സൂര്യകുമാര്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ആറ് സിക്സറുകളും, ആറ് ഫോറുകളും താരം മൈതാനത്തിന് തലങ്ങും വിലങ്ങുമായി പായിച്ചു. വിരാട് കോലി 44 പന്തുകളില്‍ നിന്നായി പുറത്താകാതെ 59 റണ്‍സുകളാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ്ങിനെ ഇന്ത്യന്‍ ബൌളര്‍മാരായ ആവേശ് ഖാനും, അര്‍ഷ്ദീപ് സിഹ്ങും യദേഷ്ടം റണ്‍സെടുക്കാന്‍ അനുവദിച്ചപ്പോള്‍ രവീന്ദ്ര ജഡേജയും , ഭുവനേശ്വര്‍ കുമാറും ഹോങ്കോങ്ങ് ബാറ്റര്‍മാരെ തളച്ചിട്ടു. 35 പന്തുകളില്‍ നിന്നും 41 റണ്‍സ് നേടിയ ബാബര്‍ ഹയാത്ത്, 28 പന്തുകളില്‍ നിന്നും 30 റണ്‍സ് നേടിയ കിന്‍ചിത് ഷാ എന്നിവരാണ് ഹോങ്കോങ്ങ് നിരയിലെ ടോപ് സ്കോറര്‍മാര്‍. ഇന്ത്യക്കായി നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.

Share this news

Leave a Reply

%d bloggers like this: