മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ല ; അയർലൻഡിനെതിരെ യൂറോപ്യൻ കമ്മീഷൻ നടപടി

യൂറോപ്യന്‍ കമ്മീഷന്റെ സുപ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതിനെത്തുടര്‍ന്ന് അയര്‍ലന്‍ഡിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി യൂറോപ്യന്‍ കമ്മീഷന്‍. കുറ്റകൃത്യങ്ങള്‍, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ അയര്‍ലന്‍ഡ് പരാജയപ്പെട്ട സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി.

തീവ്രവാദ ഫണ്ടിങ് തടയുക, സിംഗിള്‍ യൂസ് പ്ലാസ്റ്റിക്, Peat cutting എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചത്. ലോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്ക് നേരിട്ട് ആക്സസ് നല്‍കിക്കൊണ്ട് കള്ളപ്പണം , തീവ്രവാദ ഫണ്ടിങ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളെ നേരിടുക എന്നതായിരുന്നു ഇ,യു നല്‍കിയ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 1 ന് തന്നെ ഇവ നടപ്പിലാക്കണമെന്നും ഇ.യു കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അയര്‍ലന്‍ഡ്, ക്രെയേഷ്യ, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ ഇവ ഇതുവരെയും നടപ്പാക്കിയിട്ടില്ല. തുടര്‍ന്ന് മൂന്ന് രാഷ്ട്രങ്ങള്‍ക്കും കമ്മീഷന്‍ നോട്ടീസ് അയക്കുകയായിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാനായി രണ്ട് മാസത്തെ സമയം ഈ രാജ്യങ്ങള്‍ക്ക് ഇ.യു കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

ഇതുകൂടാതെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാത്തതിന്റെ പേരില്‍ അയര്‍ലന്‍ഡ് അടക്കം 11 രാജ്യങ്ങള്‍ക്കെതിരെ നിയമനടപടികളുണ്ടാവുമെന്നും കമ്മീഷന്‍ അറിയിച്ചു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉപയോഗം തടയുന്നതിനുള്ള നിയമങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്താത്ത 16 രാജ്യങ്ങള്‍ക്ക് ജനുവരിയില്‍ തന്നെ ഇ,യു കമ്മീഷന്‍ പ്രാഥമിക നോട്ടീസ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. Special areas of conservation (SACs) ല്‍ പെടുന്ന മേഖലകളില്‍ peat കട്ട് ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അയര്‍ലന്‍ഡിനോട് ഇ.യു കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: