മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ

അയർലൻഡിലെ വീടുകൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവുടെ മേൽക്കൂരകളിൽ ഇനി പരിധിയില്ലാതെ സോളാർ പാനലുകൾ സ്ഥാപിക്കാം. ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവുകളിൽ വരുത്താനുള്ള പുതിയ ബില്ലിൽ ഭവന, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡാരാഗ് ഒബ്രിയൻ ഒപ്പുവച്ചു.

പ്ലാനിംഗ് അനുമതിയുടെ ആവശ്യമില്ലാതെ എന്നാൽ ചില വ്യവസ്ഥകൾക്ക് വിധേയമായി മേൽക്കൂരകളിൽ പരിധിയില്ലാത്ത സോളാർ പാനലുകൾ സ്ഥാപിക്കാമെന്നാണ് പുതിയ ഇളവുകൾ വ്യക്തമാക്കുന്നത്.

അയർലൻഡിലെ വീടുകളുടെയും ചില ഗാർഹിക ഇതര കെട്ടിടങ്ങളുടെയും മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവുകളിൽ വരുത്താൻ നിലവിലെ വർധിച്ച ഊര്ജ്ജ വില കാരണമായിട്ടുണ്ട് , രാജ്യത്തിന്റെ സൗരോർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും വേണ്ടിയാണ് ഇളവുകൾ. മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.

മേൽക്കൂരകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചെറുതും ലളിതവുമാക്കുന്നതിലൂടെ അയർലണ്ടിനെ EU വിന്റെ സോളാർ റൂഫ്‌ടോപ്പ് നയങ്ങൾക്ക് അനുസൃതമായി കൊണ്ടുവരാൻ ഈ ഇളവുകൾക്ക് സാധിക്കും. കൂടാതെ ഗവൺമെന്റിന്റെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള പദ്ധതിക്ക് കീഴിൽ അയർലണ്ടിന്റെ മൊത്തത്തിലുള്ള സൗരോർജ്ജ ഉല്പാദന ശേഷി 380MW (ഏകദേശം 1 ദശലക്ഷം സോളാർ പാനലുകൾ) ആക്കാൻ പുതിയ നടപടികൾ സഹായിച്ചേക്കുമെന്ന് ബില്ലിൽ ഒപ്പിവച്ച ശേഷം മന്ത്രി അഭിപ്രായപ്പെട്ടു.

ഇത്രയും സോളാർ പാനലുകൾ സ്ഥാപിക്കുകവഴി പ്രതിവർഷം 300 GWh-ലധികം സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കും, ഇത് 1.4 ദശലക്ഷം ടൺ CO2 ബഹിർഗമനം കുറയ്ക്കാൻ സഹായിക്കും.

പുതിയ ഇളവുകൾ രാജ്യത്ത് സോളാർ പാനലുകളുടെ വിതരണം സുഗമമാക്കുകയും സർക്കാർ പിന്തുണയുള്ള SEAI സോളാർ പിവി ഗ്രാന്റിനൊപ്പം കൂടുതൽ ആളുകൾ സോളാർ പാനലുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന്
ഡാരാഗ് ഒബ്രിയൻ ചൂണ്ടിക്കാട്ടി. അയർലണ്ടിന്റെ ഊർജ സുരക്ഷ വർധിപ്പിക്കാൻ ഇത്തരം മാറ്റങ്ങൾക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതുക്കിയ ചട്ടങ്ങൾ പ്രകാരം ഇപ്പോൾ താഴെപ്പറയുന്നവ മാറ്റങ്ങൾ അനുവദനീയമാണ്: 1. വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് ഇനി വിസ്തീർണ്ണത്തിന് പരിധിയില്ല. ഒരു വീടിന്റെ മേൽക്കൂര മുഴുവനായും പാനലുകൾ സ്ഥാപിക്കാം . വീടുകൾക്ക് മുമ്പ് ബാധകമാക്കിയിരുന്ന 12 ചതുരശ്ര മീറ്റർ/ 50% മേൽക്കൂരയുടെ പരിധി പുതിയ നിയമം വഴി എടുത്തുമാറ്റി.

“വീടുകൾക്ക്, സ്ഥലം പരിഗണിക്കാതെയും പ്ലാനിംഗ് പെർമിഷൻ ആവശ്യമില്ലാതെയും സോളാർ പാനലുകൾ സ്ഥാപിക്കാൻ കഴിയുന്ന പുതിയ ഇളവുകൾ സ്വാഗതാർഹമാണെന്ന്
തദ്ദേശസ്വയംഭരണ, ആസൂത്രണ ചുമതലയുള്ള മന്ത്രി പീറ്റർ ബർക്ക് ടിഡി പ്രതികരിച്ചു.
വിദ്യാഭ്യാസ/സാമുദായിക/മത സ്ഥാപനങ്ങൾക്കും പുതിയ ഇളവുകൾ ഊർജ്ജ ബില്ലുകൾ കുറയ്ക്കാൻ കൂടുതൽ അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: