മുസ്സോളിനിക്ക് നേരെ വെടിയുതിർത്ത ഐറിഷ് വനിതയ്ക്കായി ഡബ്ലിനിൽ സ്മാരകഫലകം

ഇറ്റാലിയന്‍ സ്വേച്ഛാധിപതിയായ ബെനിറ്റോ മുസ്സോളിനിക്ക് നേരെ റോമില്‍ വച്ച് വെടിയുതിര്‍ത്ത ഐറിഷ് വനിതയുടെ ഓര്‍മയ്ക്കായി ഡബ്ലിനില്‍ സ്മാരകഫലകം അനാച്ഛാദനം ചെയ്തു. ഡബ്ലിനിലെ 12 Merrion സ്ക്വയറിലാണ് Violet Gibson എന്ന ഐറിഷ് വനിതയ്ക്കായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഫലകം സ്ഥാപിച്ചത്. ലോര്‍ഡ് മേയര്‍ Caroline Conroy ആയിരുന്നു ഫലകത്തിന്റെ അനാച്ഛാദനം നിര്‍വ്വഹിച്ചത്.

1926 ഏപ്രില്‍ 7നായിരുന്നു Violet Gibson മുസ്സോളിനിക്ക് നേരെ വധശ്രമം നടത്തിയത്. റോമില്‍ വച്ച് പ്രസംഗിക്കവേ Violet Gibson ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഇറങ്ങിവന്ന് വെടിയുതിര്‍ക്കുകയായിരുന്നു. 50 വയസ്സായിരുന്നു അന്ന് Violet Gibson ന്റെ പ്രായം. ആദ്യത്തെ തവണ വെടിയുതിര്‍ത്തപ്പോള്‍ത്തന്നെ മുസ്സോളിനി തല വെട്ടിച്ചുമാറ്റി. ബുള്ളറ്റ് മുസ്സോളിനിയുടെ മൂക്കിനെ തൊട്ടുരുമ്മിക്കൊണ്ടായിരുന്നു കടന്ന് പോയത്. രണ്ടാം ശ്രമത്തില്‍ Violet Gibson ഉപയോഗിച്ച തോക്ക് ജാം ആവുകയും ഉടന്‍ തന്നെ പോലീസ് അവരെ പിടികൂടുകയും ചെയ്തു.

പിന്നീട് ഇറ്റലിയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് അവരെ നാടുകടത്തി. ശിഷ്ടകാലം ഇംഗ്ലണ്ടിലെ ഒരു മാനസികാരോഗ്യ ആശുപത്രിയിലായിരുന്നു അവരുടെ ജീവിതം. 1956 ല്‍ അവര്‍ അവിടെ വച്ചുതന്നെ മരണപ്പെടുകയും ചെയ്തു.

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലെ സ്വതന്ത്ര കൗണ്‍സിലറായ Mannix Flynn ആയിരുന്നു Violet Gibson ന് സ്മാരകം വേണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. ഐറിഷ് വനിതകളുടെ ചരിത്രത്തിലും, അയര്‍ലന്‍ഡിലെ ജനങ്ങള്‍ക്കിടയിലും Violet Gibson ന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കേണ്ട സമയമായി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: