നിറഞ്ഞുകവിഞ്ഞ് സിറ്റിവെസ്റ്റ് ട്രാൻസിറ്റ് ഹബ്ബ് ;താമസസൗകര്യം നൽകാനാവാതെ തിരിച്ചയച്ചത് 33 ഉക്രൈൻ അഭയാർത്ഥികളെ

അയര്‍ലന്‍ഡില്‍ അഭയാര്‍ഥികള്‍ക്കായുള്ള താമസസൗകര്യവുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷം. ഡബ്ലിനിലെ സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബില്‍ ഇടമില്ലാത്തതിനാല്‍ ഉക്രൈനില്‍ നിന്നെത്തിയ 33 അഭയാര്‍ഥികളെയാണ് ഇവിടെ നിന്നും തിരിച്ചയച്ചത്. തിരിച്ചയച്ചവരെല്ലാം പുരുഷന്‍മാരാണെന്നും, സ്ത്രീകളെയും കുട്ടികളെയും മടക്കി അയച്ചിട്ടില്ല എന്നുമാണ് Department of Children and Integration നല്‍കുന്ന വിവരം.

അഭയാര്‍ഥികള്‍ക്ക് താമസസൗകര്യം ഉറപ്പുനല്‍കാന്‍‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം Children and Integration മിനിസ്റ്റര്‍ Roderic O’Gorman മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിഷയം ഉക്രൈന്‍ എംബസിയെ അറിയിച്ചതായും, മറ്റു ഇ.യു രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളെ അയക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

സാധ്യമാവുന്നിടത്തെല്ലാം മാനുഷിക സഹായങ്ങള്‍ നല്‍കുന്നത് അയര്‍ലന്‍ഡ് തുടരുമെന്ന് സഹമന്ത്രി Niall Collins പറഞ്ഞു. ഉക്രൈനില്‍ നിന്നും യുദ്ധം ഭയന്ന് എത്തുന്നവരെ സംരക്ഷിക്കാന്‍ കൂടുതല്‍ ഇടങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഭയാര്‍ഥികളെ ട്രാന്‍സിറ്റ് ഹബ്ബില്‍ നിന്നും തിരിച്ചയച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ആരോപണങ്ങളെ പ്രതിരോധിച്ച് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി. സര്‍ക്കാരിന്റെ നീക്കങ്ങള്‍ മന്ദഗതിയിലായിരുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞു. അഭയാര്‍ഥികളുടെ വരവ് വര്‍ദ്ധിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പുതന്നെ മുന്നറിയുപ്പാണ്ടായിട്ടും സര്‍ക്കാര്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയില്ല എന്ന ആരോപണങ്ങളിലും അദ്ദേഹം എതിര്‍പ്പു പ്രകടിപ്പിച്ചു. ഉക്രൈനില്‍ പ്രതിസന്ധി ആരംഭിച്ചതുമുതലുള്ള കണക്കുകള്‍ പ്രകാരം 55000 ലധികം അഭയാര്‍ഥികള്‍ രാജ്യത്തേക്ക് എത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: