ആയിരം യൂറോ പാന്‍ഡെമിക് ബോണസ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും നല്‍കണമെന്ന ആവശ്യവുമായി പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍

സര്‍ക്കാരിന്റെ ആയിരം യൂറോ ടാക്സ് ഫ്രീ പാന്‍ഡെമിക് ബോണസ് അയര്‍ലന്‍ഡിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും അനുവദിക്കണമെന്ന ആവശ്യവുമായി Private Hospitals Association (PHA). കോവിഡ് പകര്‍ച്ചവ്യാധി കാലത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ നല്‍കിയ വലിയ സംഭാവനകള്‍ മാനിച്ച് ഈ ബോണസ് സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും അനുവദിക്കണമെന്നാണ് PHA യുടെ ആവശ്യം.

രാജ്യത്തുടനീളമുള്ള 18 സ്വകാര്യ ആശുപത്രികളിലെ മുൻ‌നിര ആരോഗ്യ പ്രവർത്തകരുടെ സംഭാവനകൾ അംഗീകരിക്കാന്‍ സര്‍ക്കാരിന് നാളിതുവരെയും കഴിഞ്ഞിട്ടില്ലെന്നും, ഇത് ഖേദകരവും നീതീകരിക്കാനാകാത്തതുമായ വീഴ്ചയാണെന്നും പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ CEO Jim Daly പറഞ്ഞു.

കോവിഡ് ശക്തമായി വ്യാപിച്ച ഘട്ടത്തില്‍‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സമ്മര്‍ദ്ദം കൂടിയപ്പോള്‍ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ HSE യെ പ്രതിനിധീകരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് നിര്‍ണ്ണായക വൈദ്യസഹായങ്ങള്‍ നല്‍കിയിരുന്നതും, പാന്‍ഡെമിക്കിന്റെ കഠിനമായ ഘട്ടങ്ങളില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ അയര്‍ലന്‍ഡിലെ പൊതുആരോഗ്യ മേഖലയ്ക്ക് സുരക്ഷാ വലയം തീര്‍ത്ത് നിന്നതും മറക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് സേവനമനുഷ്ഠിച്ച പൊതുമേഖല ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യം സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് എന്ന് ലഭിക്കും എന്നത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കണമെന്ന് ആരോഗ്യമന്ത്രി Stephen Donnelly യോട് താന്‍ അഭ്യര്‍ഥിച്ചതായും. ആശങ്കകള്‍ അദ്ദേഹത്തെ അറിയിച്ചതായും Jim Daly പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: