സർക്കാരിന്റെ ‘കോസ്റ്റ് ഓഫ് ലിവിങ് നികുതിയിളവുകൾ’ ഫെബ്രുവരി വരെ മാത്രം ; ഇന്ധന വിലയും, യൂട്ടിലിറ്റി ബില്ലുകളും വർദ്ധിക്കുമെന്ന് പരിസ്ഥിതി മന്ത്രി

ജീവിതച്ചിലവ് വര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച എക്സൈസ് ഡ്യൂട്ടി ഇളവുകളും, വാറ്റ് ഇളവുകളും ഫെബ്രുവരി 28 ന് ശേഷമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് പരിസ്ഥിതി മന്ത്രി Eamon Ryan. പണപ്പെരുപ്പം മൂലം വാഹനച്ചിലവുകള്‍‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തിലായിരുന്നു പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 21 സെന്റും, ഡീസലിന്റേത് 16 സെന്റും, ഗ്യാസ് ഓയിലിന്റേത് 5.4 സെന്റും കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇലക്ട്രിസിറ്റി-ഗ്യാസ് ബില്ലുകളില്‍ 13.5 സെന്റ് മുതല്‍ 9 സെന്റ് വരെ മൂല്യ വര്‍ദ്ധിത നികുതിയിളവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ജീവിതച്ചിലവ് പ്രതിസന്ധികള്‍ പരിഹരിക്കാനായി അനുയോജ്യമായ സാമ്പത്തിക സമീപനം നിലനിര്‍ത്തുക എന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്. ഇത്തരം സമീപം സ്വീകരിക്കുമ്പോള്‍ കേവലം കോര്‍പ്പറേറ്റ് നികുതിയെ മാത്രം ആശ്രയിക്കാന്‍ സര്‍ക്കാരിന് കഴിയില്ല, ആ ഘട്ടത്തില്‍ കൃത്യമായ അടിത്തറ ലഭിക്കുന്നതനായി എക്സൈസ് ഡ്യൂട്ടി അടക്കമുള്ളവ സര്‍ക്കാരിന് ആവശ്യമാണ്. സോഷ്യല്‍ വെല്‍ഫെയര്‍, ആരോഗ്യം, എന്നീ മേഖലകളിലേക്ക് ആവശ്യത്തിന് ഫണ്ട് കൈവശമുണ്ടെന്ന് സര്‍ക്കാരിന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്വീകരിച്ച ആശ്വാസ നയങ്ങള്‍ ജനങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയെന്നത് സംബന്ധിച്ച് കൃത്യമായ വിശകലനം നടത്തുമെന്ന് പുതുതായി ചാര്‍ജ്ജ് ഏറ്റെടുത്ത ധനകാര്യമന്ത്രി Michael McGrath പറഞ്ഞു. നികുതിയിളവുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ ഇനിയും രണ്ട് മാസത്തോളം സമയമുണ്ടെങ്കിലും, ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുമായി കൃത്യമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജീവിതച്ചിലവ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ചില ഇളവുകള്‍ തുടരുമെന്നായിരുന്നു പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇതിനുമുന്‍‍പ് പ്രഖ്യാപിച്ചത്. എല്ലാ ഇളവുകളും നീട്ടാന്‍ കഴിയില്ലെങ്കിലും, ചിലത് തുടരേണ്ടി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുതിയ വര്‍ഷത്തില്‍ ഇതുസംബന്ധിച്ച തീരുമാനങ്ങളുണ്ടാവുമെന്നു വരദ്കര്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: