അനധികൃത കുടിയേറ്റങ്ങൾ തടയാൻ അതിർത്തികളിലെ നിയന്ത്രണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ

അയര്‍ലന്‍ഡിലേക്കുള്ള അനധികൃത കുടിയേറ്റങ്ങള്‍ തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. കൂടുതല്‍ ഉചിതവും, ശക്തവുമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് ക്യാബിനറ്റില്‍ ഇതിനകം തന്നെ ചര്‍ച്ച നടന്നിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അഭയാര്‍ഥികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വിവിധ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉക്രൈനില്‍ നിന്നും, മറ്റു രാജ്യങ്ങളില്‍ നിന്നും അയര്‍ലന്‍ഡിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്, ഇവര്‍ക്ക് താമസം ഒരുക്കുന്ന വിഷയങ്ങളിലടക്കം സര്‍ക്കാര്‍ വലിയ സമ്മര്‍ദ്ദം നേരിടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഭയാര്‍ഥി അപേക്ഷകള്‍ പരിഗണിക്കുന്നതിന്റെ വേഗത കൂട്ടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചു. അയര്‍ലന്‍ഡിലെത്തുന്ന ആളുകള്‍ക്ക് അന്താരാഷ്ട്ര സംരക്ഷണം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് ലഭിക്കാനും, അര്‍ഹരല്ലാത്ത ആളുകള്‍ക്ക് പെട്ടെന്ന് തന്നെ പ്രതികൂല മറുപടി ലഭിക്കുന്നതിനും ഇതിലൂടെ സാഹചര്യമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും അയര്‍ലന്‍ഡിലേക്ക് പ്രവേശിക്കാന്‍ വിസ ആവശ്യമാണെങ്കിലും വംശീയത, മതം, ദേശീയത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാലും, പ്രത്യേക സാമൂഹിക സംഘടനകളില്‍‍ അംഗമായതിന്റെ കാരണത്താലും‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവയാലും‍ രാജ്യം വിടേണ്ടി വന്നവര്‍ക്ക് അയര്‍ലന്‍ഡില്‍ അന്താരാഷ്ട്ര സംരക്ഷണത്തിനായി ആവശ്യപ്പെടാവുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം അയര്‍ലന്‍ഡിലേക്ക് അനധികൃതമായി പ്രവേശിച്ച 174 പേരെ നാടുകടത്താനായി ഉത്തരവിട്ടിരുന്നതായി അന്നത്തെ ജസ്റ്റിസ് മിനിസ്റ്റര്‍ Helen McEntee പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു .

Share this news

Leave a Reply

%d bloggers like this: