“അയർലൻഡിന്റെ വാട്ടർ ക്വാളിറ്റി നിയമം പര്യാപ്തമല്ല” : നിയമനടപടിക്കൊരുങ്ങി യൂറോപ്യൻ കമ്മീഷൻ

യൂറോപ്യന്‍ കമ്മീഷന്റെ വാട്ടര്‍ ക്വാളിറ്റി ഫ്രെയിംവര്‍ക്കിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ അയര്‍ലന്‍ഡ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അയര്‍ലന്‍ഡിനെതിരെ നിയമനടപടിക്കൊരുങ്ങി യൂറോപ്യന്‍ കമ്മീഷന്‍. വിഷയം ഇ.യു കോടതിയെ അറിയിക്കാനാണ് കമ്മീഷന്‍ ഒരുങ്ങുന്നത്.

ഇ.യുകമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വാട്ടര്‍ക്വാളിറ്റി ബില്‍ അയര്‍ലന്‍ഡ് ‍‍‍‍ഡിസംബറില്‍ പാസാക്കിയിരുന്നുവെങ്കിലും ഇത് പര്യാപ്തമല്ല എന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്.

ഉള്‍നാടന്‍ ഉപരിതല ജലാശയങ്ങള്‍, കോസ്റ്റല്‍ വാട്ടര്‍, ഭൂഗര്‍ഭ ജലം, ട്രാന്‍സിഷണല്‍ വാട്ടര്‍ എന്നിവ സംരക്ഷിക്കുന്നതിനും, ജലമലിനീകരണം തടയുന്നതിനും, ജലത്തെ ആശ്രയിക്കുന്ന ആവാസവ്യവസ്ഥകളെയും , ജലസ്രോതസ്സുകളെയും സംരക്ഷിക്കുന്നതിനുമായുള്ള നിര്‍ദ്ദേശങ്ങളായിരുന്നു വാട്ടര്‍ ക്വാളിറ്റി ഫ്രെയിംവര്‍ക്കില്‍ യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

ഡിസംബര്‍ 23 ന് Water Environment Act 2022 യില്‍ അയര്‍ലന്‍ഡ് പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സ് ഒപ്പുവച്ച വിവരം യൂറോപ്യന്‍ കമ്മീഷനെ ഔദ്യോഗികമായി അയര്‍ലന്‍ഡ് അറിയിച്ചിരുന്നില്ല എന്ന് യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു. യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഈ നിയമത്തില്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിക്കാന്‍ അയര്‍ലന്‍ഡിന് കഴിഞ്ഞിട്ടില്ലെന്നും, ഇതിനാല്‍ അയര്‍ലന്‍ഡിനെതിരായ കേസ് നിലനില്‍ക്കുമെന്നും ഇ.യു വക്താവ് പറഞ്ഞു.

അതേസമയം യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ടുവച്ച ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടുള്ളതാണ് പുതിയ വാട്ടര്‍ ക്വാളിറ്റി നിയമമെന്ന് ഇതിന്റെ ചുമതലയുള്ള Housing- Local Government-Heritage വകുപ്പ് അറിയിച്ചു. നിയമം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് യൂറോപ്യന്‍ കമ്മീഷനെ അറിയിക്കാനായി തയ്യാറെടുക്കുന്നതായും വകുപ്പ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: