ഭവനരഹിതരുടെ എണ്ണം വീണ്ടും റെക്കോഡിൽ ; എവിക്ഷൻ ബാൻ നീട്ടുന്നത് പരിഗണിക്കാതെ സർക്കാർ

അയര്‍ലന്‍ഡിലെ ഭവനരഹിതരുടെ എണ്ണം തുടര്‍ച്ചയായ ആറാമത്തെ മാസത്തിലും റെക്കോഡിലെത്തി നില്‍ക്കുമ്പോഴും എവിക്ഷന്‍ ബാന്‍ നീട്ടുന്നത് പരിഗണിക്കാതെ സര്‍ക്കാര്‍. ആകെ 11632 പേര്‍ ഭവനരഹിതരായി എമര്‍ജന്‍സി അക്കമഡേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുകയാണെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇവരില്‍ 8190 പേര്‍ മുതിര്‍ന്നവരും, 3442 പേര്‍ കുട്ടികളുമാണ്. തെരുവുകളില്‍ അഭയം പ്രാപിച്ചവരെയും, അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന സ്ത്രീകളെയും, എമര്‍ജന്‍സി അക്കമഡേഷന്‍ കേന്ദ്രങ്ങളില്‍ സ്ഥലമില്ലാത്തതിനാല്‍ പുറത്തേക്ക് പോയവരെയും ഉള്‍പ്പെടുത്താതെയുള്ള കണക്കുകളാണ് ഇത്.

അതേസമയം രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന എവിക്ഷന്‍ ബാന്‍ ഏപ്രില്‍ 1 ന് ശേഷം തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന സൂചനകളാണ് നിലവില്‍ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്. എവിക്ഷന്‍ ബാന്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇതിനുമുന്‍പ് വ്യക്തമാക്കിയിരുന്നു.

പുതിയ കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ എവിക്ഷന്‍ ബാന്‍ നീട്ടണമെന്നും, ആളുകള്‍ക്ക് പാര്‍പ്പിടമൊരുക്കാനുള്ള അടിയന്തിര നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ ഭവനരഹിതരെ പിന്തുണയ്ക്കുന്ന സംഘടനകളും, പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. എവിക്ഷന്‍ മൊറട്ടോറിയം നീട്ടുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനൊപ്പം തന്നെ ആവശ്യക്കാര്‍ക്ക് വീടുകള്‍ നല്‍കാനും സര്‍ക്കാര്‍ ശ്രമിക്കണമെന്ന് Simon Communities of Ireland എക്സിക്യൂട്ടീവ് ഡയറക്ടര്‍ Wayne Stanley പറഞ്ഞു.

അതേസമയം എവിക്ഷന്‍ ബാന്‍ നീട്ടുന്നതിന് അറ്റോണി ജനറലിന്റെ നിയമോപദേശവും, ക്യാബിനറ്റിന്റെ അംഗീകാരവും ആവശ്യമാണ്. ഹൗസിങ് മിനിസ്റ്റര്‍ Darragh O’Brien ഇതുവരെയും ഇതിനായുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

എവിക്ഷന്‍ ബാന്‍ അവസാനിക്കുന്നതോടെ രാജ്യത്ത് കുടിയൊഴിപ്പിക്കലുകളുടെ ഒരു സുനാമിക്ക് തന്നെ സാധ്യതയുണ്ടെന്ന് People Before Profit പാര്‍ലിമെന്റ് പ്രതിനിധി Richard Boyd Barrett കഴിഞ്ഞ ദിവസം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: