ഭയപ്പെടാതെ ശ്വസിച്ചോളൂ…. ഡബ്ലിനിലെ വായു ശുദ്ധമാണ്

ശ്വസിക്കുന്ന വായു ശുദ്ധമാണോ എന്നത് സംബന്ധിച്ച് എപ്പോഴും ആശങ്കപ്പെടുന്നവരാണ് നാം. എന്നാല്‍ ഡബ്ലിന്‍കാര്‍ക്ക് ഇനിമുതല്‍ അത്തരത്തിലൊരു ആശങ്കയുടെ ആവശ്യമില്ല. ഡബ്ലിനിലെ വായു മികച്ച ഗുണനിലവാരമുള്ളതെന്ന പരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഗൂഗിളിന്റെ പ്രൊജക്ട് എയര്‍ വ്യൂ പ്രകാരം നടത്തിയ പരിശോധനയിലൂടെയാണ് ഡബ്ലിനിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ സ്മാര്‍ട്ട് ഡബ്ലിന്‍ പ്രോഗ്രാമുമായി സഹകരിച്ചുകൊണ്ടാണ് ഗൂഗിള്‍ ഇത്തരത്തിലൊരു പരിശോധന നടത്തിയത്.Aclima എയര്‍ സെന്‍സിങ് സാങ്കേതിക വിദ്യ ഘടിപ്പിച്ച ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ കാറുകളിലൂടെയായിരുന്നു പരിശോധന നടന്നത്. പതിനാറ് മാസങ്ങളോളം നീണ്ട കണക്കെടുപ്പില്‍ 50 മില്യണോളം ഡാറ്റയാണ് ശേഖരിക്കപ്പെട്ടത്.

വായുമലിനീകരണത്തിന് കാരണമായ ആറ് ഘടകങ്ങള്‍- Particulate Matter (PM 2.5), Nitric Oxide (NO), Nitrogen Dioxide (NO2), Carbon Monoxide (CO), Carbon Dioxide (CO2) and Ozone (O3) എന്നിവയുടെ സാന്നിദ്ധ്യമായിരുന്നു പ്രധാനമായും പരിശോധിക്കപ്പെട്ടത്. ഡബ്ലിനിലെ ഭൂരിഭാഗം ഏരിയകളിലും ഇത്തരം വാതകങ്ങളുടെ സാന്നിദ്ധ്യം പരിധി ലംഘിച്ചിരുന്നില്ല. അതേസമയം സിറ്റി സെന്ററില്‍ ലിഫി നദിയുടെ തീരത്ത് NO2 വിന്റെ അളവ് അല്‍പം കുടുതലാണെന്നും പരിശോധനയില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

30000 കിലോമീറ്ററോളം സഞ്ചരിച്ചുകൊണ്ട് സമാഹരിച്ച ഈ വിവരങ്ങള്‍ ഡബ്ലിനിലെ ജീവിത-ആരോഗ്യ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഏറെ ഉപകാരപ്പെടുമെന്ന് ഡബ്ലിന്‍ മേയര്‍ Caroline Conroy പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: