വനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ പൊരുതിത്തോറ്റു ; ഓസീസ് ഫൈനലിൽ

വനിതാ ടി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പൊരുതിത്തോറ്റു.വിജയലക്ഷ്യത്തിന് വെറും അഞ്ച് റണ്‍സ് മാത്രം അകലെയാണ് ഇന്ത്യന്‍ വനിതകളുടെ പോരാട്ടം അവാസനിച്ചത്. ഓസീസ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ബെത്ത് മൂണി യുടെയും , ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെയും ബാറ്റിങ് മികവിലായിരുന്നു ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. മൂണി 37 പന്തുകളില്‍ നിന്നും 54 റണ്‍സ് നേടി. ലാന്നിങ് 49 റണ്‍സാണ് നേടിയത്. ആഷ്‍ലി ഗാര്‍ഡ്നര്‍(31) അലീസ ഹീലി(25) എന്നിവരുടെ സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇന്ത്യക്കായി ശിഖ പാണ്ഢേ രണ്ട് വിക്കറ്റുകളും, ദീപ്തി ശര്‍മ, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനായിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ തന്നെ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സ്കോര്‍ 30 തികയുന്നതിന് മുന്‍പ് തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണു. തുടര്‍ന്ന് ജെമൈമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൌര്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യക്കായി മികച്ച ഇന്നിങ്സ് പടുത്തുയര്‍ത്തി. 24 പന്തുകള്‍ നേരിട്ട ജെമൈമ 43 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ വിജയത്തിലേക്കെന്ന് തോന്നിച്ച ഇന്ത്യക്ക് ഹര്‍മന്‍പ്രീതിന്റെ വിക്കറ്റ് നഷ്ടമായതാണ് തിരിച്ചടിയായത്. സ്കോര്‍ 135 ല്‍ നില്‍ക്കെ ഹര്‍മന്‍പ്രീത് റണ്‍ഔട്ട് ആവുകയായിരുന്നു. പിന്നാലെ റിച്ചാ ഘോഷും മടങ്ങിയതോടെ ഇന്ത്യന്‍ വന്‍ പ്രതിരോധത്തിലേക്ക് നീങ്ങുകയും ചെയ്തു.

മത്സരജയത്തോടെ ഓസീസ് ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക സെമിയിലെ വിജയികളെയാണ് ഓസീസ് ഫൈനലില്‍ നേരിടുക.

Share this news

Leave a Reply

%d bloggers like this: