യൂറോപ്യൻ യൂണിയന്റെ ഒരു ബില്യൺ കോവിഡ് അതിജീവന ഫണ്ടിൽ നിന്നും ഒരു യൂറോ പോലും പിൻവലിക്കാതെ അയർലൻഡ്

യൂറോപ്യന്‍ യൂണിയന്‍ കോവിഡ് അതിജീവന പാക്കേജില്‍ അയര്‍ലന്‍ഡിനായി അനുവദിക്കപ്പെട്ട ഏകദേശം ഒരു ബില്യണ്‍ യൂറോയോളം വരുന്ന ഫണ്ടില്‍ നിന്നും ഒരു യൂറോ പോലും പിന്‍വലിക്കാതെ അയര്‍ലന്‍ഡ്. European Court of Auditors (ECA) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

കോവി‍ഡാനന്തരം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അതിജീവനത്തിനായും, ഇ.യു രാജ്യങ്ങളിലെ കാലാവസ്ഥാ-ഡിജിറ്റലൈസേഷന്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമായിരുന്നു Recovery and Resilience Facility (RRF) പദ്ധതി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. ആകെ 724 ബില്യണ്‍ യൂറോ ആയിരുന്നു ഇത്തരത്തില്‍ അനുവദിക്കപ്പെട്ട ഫണ്ട്. 2020 ലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.

അതത് രാഷ്ട്രങ്ങള്‍ സമര്‍പ്പിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് പദ്ധതികളും, പരിഷ്കരണങ്ങളും പരിഗണിച്ചുകൊണ്ടായിരുന്നു ഫണ്ട് അനുവദിച്ചത്. ഇത്തരത്തില്‍ 16 ഇന്‍വെസ്റ്റ്മെന്റ് പദ്ധതികളും, 9 പരിഷ്കരണങ്ങളും അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനായി 989 മില്യണ്‍ യൂറോ ആയിരുന്നു ലോണ്‍ ആയും, ഗ്രാന്റ് ആയും അയര്‍ലന്‍ഡിന് ഇ.യു RRF ഫണ്ടില്‍ നിന്നും അനുവദിച്ചത്.

അയര്‍ലന്‍ഡിന്റെ പദ്ധതികളില്‍ 42 ശതമാനവും കാലാവസ്ഥയുമായി ബന്ധപ്പെട്ടവയായിരുന്നു. 32 ശതമാനം പദ്ധതികള്‍ ഡിജിറ്റല്‍ ട്രാന്‍സിഷന്‍ മേഖലയിലുമായിരുന്നു അയര്‍ലന്‍ഡ് ആസൂത്രണം ചെയ്തത്.

ഈ ഫണ്ടിന്റെ ആദ്യഘഡുവായ 13 ശതമാനം പോലും പിന്‍വലിക്കാത്ത രാജ്യങ്ങളില്‍ അയര്‍ലന്‍ഡും ഉള്‍പ്പെടുന്നതായുള്ള വിവരം കഴിഞ്ഞ ദിവസമാണ് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഓഡിറ്റേഴ്സ് പുറത്തുവിട്ടത്.

Share this news

Leave a Reply

%d bloggers like this: