യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ അയർലൻഡ് സന്ദർശനം അടുത്ത മാസം

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഏപ്രിലില്‍ അയര്‍ലന്‍ഡ് സന്ദര്‍ശിക്കും. റിപബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിലും , നോര്‍ത്തേണ്‍ അയര്‍ലന്‍ഡ‍ിലുമായി അഞ്ച് ദിവസങ്ങളാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. Good Friday Agreement ന്റെ 25 ാം വാര്‍ഷികം പ്രമാണിച്ചാണ് ജോ ബൈഡന്റെ സന്ദര്‍ശനം.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അയര്‍ലന്‍ഡ് സന്ദര്‍ശിക്കാനുള്ള താത്പര്യം ജോ ബൈഡന്‍ വെളിപ്പെടുത്തിയത്. യാത്രയുടെ പൂര്‍ണ്ണ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തലസ്ഥാനമായ ബെല്‍ഫാസ്റ്റിലും, റിപബ്ലിക് ഓഫ് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുമന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ജോ ബൈഡന് കുടുംബപരമായി വേരുകളുള്ള മയോയിലാണ് അദ്ദേഹം കൂടുതല്‍ സമയം ചിലവഴിക്കുക.

സെന്റ് പാട്രിക്സ് ദിന പരിപാടികള്‍ക്കായി ഈയാഴ്ച അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വാഷിങ്ടണ്‍ സന്ദര്‍ശക്കാനിരിക്കുകയാണ്. ഇവിടെ വച്ച് ജോ ബൈഡനുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന്റെ അയര്‍ലന്‍ഡ് സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തീരുമാനമാവും.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ജോ ബൈഡന്‍ ആദ്യമായി നടത്തുന്ന അയര്‍ലന്‍ഡ് സന്ദര്‍ശനമാവും ഇത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മീഹോള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ അയര്‍ലന്‍ഡ് സന്ദര്‍ശിക്കാനുള്ള താത്പര്യം ജോ ബൈഡന്‍ വെളിപ്പെടുത്തിയിരുന്നു. ‘Try and get me out of Ireland’ എന്നായിരുന്നു അന്ന് ജോ ബൈഡന്‍ മീഹോള്‍ മാര്‍ട്ടിനോട് പറഞ്ഞത്. ജോ ബൈഡന്റെ‍ അയര്‍ലന്‍ഡ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‍ പുറത്തുവരുന്നത് ഒരു “welcome news” ആണെന്നാണ് മീഹോള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചത്.

Share this news

Leave a Reply

%d bloggers like this: