അയർലൻഡിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ 60000 ത്തിലധികം വീടുകൾ പണിയാൻ കഴിയുമെന്ന് റിപ്പോർട്ട്

അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കുറഞ്ഞത് 60000 പുതിയ വീടുകളെങ്കിലും പണിയാന്‍ കഴിയുമന്ന് ലാന്റ് ഡെവലപ്മെന്റ് ഏജന്‍സി(LDA) റിപ്പോര്‍ട്ട്. ഡബ്ലിന്‍, കോര്‍ക്ക്, ലിമറിക്, ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലെ ഭവനനിര്‍മ്മാണത്തിന് അനുയോജ്യമായ നിരവധി സര്‍ക്കാര്‍ ഭൂമി LDA റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leopardstown ലുള്ള Horseracing Ireland ന്റെ ഭൂമി, Sandyford ലുള്ള സെന്‍ട്രല്‍ബാങ്ക് ഭൂമി, Conyngham റോഡിലുള്ള CIE ബസ് ഡിപ്പോയുടെ ഭൂമി എന്നിവയാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇതുകൂടാതെ ഗാല്‍വേ ഹാര്‍ബറിലുള്ള ഭൂമി, കോര്‍ക്ക് Sarsfield റോഡിലുള്ള ESB പ്രോ‍പ്പര്‍ട്ടി, ലിമറിക്കിലുള്ള Ervia gasworks ന്റെ ഭൂമി എന്നിവയും പട്ടികയിലുണ്ട്. ഇവിടങ്ങളില്‍ അടുത്ത 5 മുതല്‍ 10 വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി വീടുകള്‍ പണികഴിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂപ്രദേശങ്ങളാണെങ്കിലും, ഇവിടങ്ങളില്‍ വീടുകള്‍ പണികഴിപ്പിക്കാന്‍ ചില പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭവന നിർമ്മാണത്തിന് അനുയോജ്യമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി 2018 ല്‍ സ്ഥാപിതമായ ഏജന്‍സിയാണ് LDA. ഏജന്‍സി സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് ഇന്ന് ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യപ്പെടും.

Share this news

Leave a Reply

%d bloggers like this: