അയർലണ്ടിലെ സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സ വേണ്ടിവരുന്ന രോഗികൾക്ക് ഇനിമുതൽ ഫീസ് ഇല്ല

ചികിത്സയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന (ഇന്‍-പേഷ്യന്റ്) രോഗികള്‍ ഇന്നു മുതല്‍ ഫീസ് നല്‍കേണ്ടതില്ല. നേരത്തെ ദിവസേന 80 യൂറോയോളം ഇന്‍-പേഷ്യന്റ് ഫീസായി (12 മാസത്തിനിടെ പരമാവധി 10 ദിവസത്തേയ്ക്ക് 800 യൂറോ) രോഗികള്‍ നല്‍കേണ്ടിയിരുന്നതാണ് പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ എടുത്തുമാറ്റിയിരിക്കുന്നത്.

പൊതു ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ ഈ ഫീസ് കാരണം ജനങ്ങള്‍ക്ക് ഇനി ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബില്ലില്‍ ഒപ്പുവച്ച ശേഷമുള്ള പ്രസ്താവനയില്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു. 2023 ബജറ്റിന്റെ ഭാഗമായി തീരുമാനിച്ച ഫീസ് നിര്‍ത്തലാക്കല്‍, പൊതുജന ആരോഗ്യസേവനത്തിനുള്ള ചെലവ് കുറയ്ക്കുന്നതില്‍ പ്രധാന ചുവടുവയ്പ്പാണെന്നും ഡോനലി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്കായുള്ള ഇന്‍-പേഷ്യന്റ് ഫീസ് കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍, പ്രത്യേക പരിഗണനയുള്ളവര്‍ എന്നിവര്‍ക്ക് നേരത്തെ തന്നെ ഇന്‍-പേഷ്യന്റ് ഫീസ് നല്‍കേണ്ടതില്ല.

ഏകദേശം 30 മില്യണ്‍ യൂറോയാണ് പദ്ധതി നടപ്പിലാക്കാനായി ബജറ്റില്‍ വകയിരുത്തിയത്. പദ്ധതി പ്രകാരം 800 യൂറോയോളം ഇത്തരത്തില്‍ ഓരോ രോഗിക്കും ലാഭിക്കാനാകും.

Share this news

Leave a Reply

%d bloggers like this: