ഇന്ത്യയിൽ നിന്നെത്തുന്ന നഴ്‌സുമാർക്ക് അയർലണ്ടിൽ താമസസൗകര്യം ലഭിക്കുന്നില്ല; വലിയ പ്രതിസന്ധിയെന്ന് പരാതി

ഇന്ത്യയില്‍ നിന്നും ജോലിക്കായി അയര്‍ലണ്ടിലെത്തുന്ന നഴ്‌സുമാര്‍ക്ക് താമസസ്ഥലം ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതായി പരാതി. ഏകദേശം 12,000-ഓളം ഇന്ത്യന്‍ നഴ്‌സുമാരാണ് നിലവില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്. ഇവിടെ ഐറിഷ് നഴ്‌സുമാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം നഴ്‌സുമാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

എന്നാല്‍ താമസ്ഥലം ലഭിക്കാന്‍ ബുദ്ധിമുട്ടുന്നത് കാരണം പലരും തിരികെ പോകാനും, മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറാനും തയ്യാറെടുക്കുന്നതായാണ് നഴ്‌സുമാര്‍ പറയുന്നത്. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാരുമായി സംസാരിച്ച ശേഷം The Irish Times പുറത്തുവിട്ട റിപ്പോര്‍ട്ടിലേയ്ക്ക്…

2004-ല്‍ താന്‍ അയര്‍ലണ്ടിലെത്തുമ്പോള്‍ എംപ്ലോയര്‍ തന്നെ താമസസ്ഥലം ശരിയാക്കി നല്‍കിയിരുന്നുവെന്നും, അതേസമയം ഇപ്പോള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ഇത്തരമൊരു സൗകര്യം ലഭിക്കുന്നില്ലെന്നും നഴ്‌സായ റീമ ആന്റണി പറയുന്നു. ആറ് മുതല്‍ 12 ആഴ്ച വരെ താമസസൗകര്യം മാത്രമാണ് പ്രോപ്പർട്ടി ഏജൻസി നൽകുന്നത്. ശേഷം ഓരോരുത്തരും സ്വയം താമസം കണ്ടെത്തേണ്ട സ്ഥിതിയാണ്. പലരും ശരിയായി ജോലി ചെയ്യാനാകാതെ സമ്മര്‍ദ്ദത്തിലാണെന്നും, ബ്രേക്ക് സമയത്ത് ഫോണ്‍ വഴി നിരന്തരം പറ്റിയ താമസസ്ഥലം അന്വേഷിക്കേണ്ടി വരികയാണെന്നും റീമ പറയുന്നു. ഓരോ വര്‍ഷവും ഈ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്നും റീമ കൂട്ടിച്ചേര്‍ക്കുന്നു.

2016-ല്‍ നഴ്‌സിങ് ജോലിക്കായി അയര്‍ലണ്ടിലെത്തിയ ജാനറ്റ് ബേബി ജോസഫിന് മറ്റൊരു അനുഭവമാണുണ്ടായത്. ഒരു പുരുഷനും, ജാനറ്റിനും ഒറ്റ ബെഡ് മാത്രമുള്ള താമസസൗകര്യമാണ് പ്രോപ്പർട്ടി ഏജൻസി നല്‍കിയത്. എന്നാല്‍ മറ്റേയാള്‍ സുഹൃത്തിന്റെ കൂടെ താമസിച്ച് ജാനറ്റിന് റൂം വിട്ടുകൊടുത്ത് സഹായിച്ചു. പുതിയ താമസസ്ഥലം കണ്ടെത്താന്‍ പ്രോപ്പർട്ടി ഏജൻസി സഹായിച്ചു. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ താമസസൗകര്യം ലഭിക്കുക ബുദ്ധിമുട്ടാണെന്ന് ജാനറ്റ് വ്യക്തമാക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റുമായി ധാരാളം പേര്‍ കുടുംബത്തോടൊപ്പം ഇവിടെ നഴ്‌സിങ് ജോലിക്കായി എത്തുന്നുണ്ട്. വീട് വാങ്ങാന്‍ മാത്രം പണം അവരുടെ കൈയലുണ്ടെങ്കിലും വീട് ലഭിക്കാത്ത സ്ഥിതിയാണെന്ന് ജാനറ് പറയുന്നു. തങ്ങളുടെ സംഘടനയായ Cork Indian Association-ലെ 99% പേരും താമസം വലിയൊരു പ്രശ്‌നമാണെന്ന് പറയുന്നുവെന്നും ജാനറ്റ് വ്യക്തമാക്കുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ അയര്‍ലണ്ട് വിട്ട് പോകാന്‍ ആലോചിക്കുന്നവര്‍ നിരവധിയാണ്. തന്റെ പല കൂട്ടുകാരും ഓസ്‌ട്രേലിയയ്ക്ക് ജോലി തേടി പോയ കാര്യവും ജാനറ്റ് ഓര്‍മ്മിപ്പിക്കുന്നു.

2017-ല്‍ നഴ്‌സായി ഇവിടെ ജോലിക്കെത്തിയ ജിബിന്‍ സോമന്‍, ആദ്യ കാലത്ത് മൂന്ന് പേര്‍ക്കൊപ്പം റൂം ഷെയര്‍ ചെയ്താണ് താമസിച്ചത്. പിന്നീട് ഭാര്യയെ കൂടി ഇവിടേയ്ക്ക് കൊണ്ടുവരാനായി വീടന്വേഷിക്കാന്‍ തുടങ്ങിയെങ്കിലും, മൂന്ന് മാസമായിട്ടും വീട് ലഭിച്ചില്ല. ഒടുവില്‍ നല്ലനായ ഒരു സുഹൃത്താണ് തനിക്കും, ഭാര്യയ്ക്കും താമസിക്കാന്‍ ഇടം നല്‍കിയതെന്ന് ജിബിന്‍ പറയുന്നു.

അയര്‍ലണ്ടിലേയ്ക്ക് ജോലിക്ക് വരുന്ന ആരെങ്കിലും തന്നോട് താമസസൗകര്യത്തെ പറ്റി ചോദിച്ചാല്‍, മൂന്ന് താമസം കിണഞ്ഞ് പരിശ്രമിച്ചാല്‍ എവിടെയങ്കിലും താമസം ലഭിച്ചേക്കാം എന്നായിരുന്നു താന്‍ പറയാറെന്നും, പക്ഷേ ഇപ്പോള്‍ അവരോട് എന്ത് പറയണമെന്ന് അറിയാത്ത സ്ഥിതിയാണെന്നും ജിബിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

കടപ്പാട്: The Irish Times

Share this news

Leave a Reply

%d bloggers like this: