വടക്കൻ അയർലണ്ട് അതിർത്തി കടക്കുന്നതിൽ ഇളവ് വരുത്തി യു.കെ; പക്ഷെ ഇന്ത്യക്കാർക്ക് ഗുണമില്ല!

അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കുന്നവര്‍ക്ക് ഇനിമുതല്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടക്കാന്‍ പെര്‍മിറ്റ് വേണ്ടെന്ന് യു.കെ. അതേസമയം യു.കെയുമായി Common Travel Area (CTA) കരാറില്‍ പെടുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഇന്ത്യ പോലെ CTA-യ്ക്ക് പുറത്തുള്ള പൗരന്മാര്‍, അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കുന്നവരാണെങ്കിലും, നിലവിലുള്ള Electronic Travel Authorisation (ETA) പെര്‍മിറ്റ് ഉണ്ടായിരിക്കണം. തത്വത്തില്‍ ഇന്ത്യന്‍ പൗരത്വമുള്ള, അയര്‍ലണ്ടിലെ നിയമപരമായ താമസക്കാര്‍ക്ക് ഈ മാറ്റം പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യുന്നില്ല.

ഇതിനാല്‍ത്തന്നെ CTA-യ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകള്‍ക്ക്, വടക്കന്‍ അയര്‍ലണ്ട് സന്ദര്‍ശിക്കണമെങ്കില്‍ ETA പെര്‍മിറ്റ് എടുക്കുന്നത് തുടരണം. ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ടൂറിസ്റ്റുകള്‍ പരാതിപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ അയര്‍ലണ്ട് ടൂറിസം നടത്തുന്നവര്‍, തങ്ങളുടെ സന്ദര്‍ശനസ്ഥലങ്ങളില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടിനെ ഒഴിവാക്കേണ്ടിവരുന്ന സ്ഥിതിവിശേഷമാണുള്ളത്.

നീണ്ട ചര്‍ച്ചകള്‍ നടത്തിയ ശേഷവും സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത് നിരാശജനകമാണെന്ന് Northern Ireland Tourism Alliance (NITA) പ്രതികരിച്ചു. യു.കെയില്‍, മറ്റൊരു രാജ്യവുമായി ഭൂഅതിര്‍ത്തി പങ്കിടുന്ന ഏക പ്രദേശമാണ് വടക്കന്‍ അയര്‍ലണ്ട് എന്നതിനാല്‍, ETA-യുടെ കാര്യത്തില്‍ വടക്കന്‍ അയര്‍ലണ്ടിന് പ്രത്യേക പരിഗണന നല്‍കണമെന്ന് NITA നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വടക്കന്‍ അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തുന്ന 70% പേരും ഡബ്ലിന്‍ വഴിയാണ് എത്തുന്നത്. എന്നാല്‍ ഇതില്‍ Common Travel Area-യ്ക്ക് അകത്തുള്ള പൗരന്മാര്‍ക്ക് മാത്രമേ പെര്‍മിറ്റ് ഇല്ലാതെ വടക്കന്‍ അയര്‍ലണ്ടിലേയ്ക്ക് യാത്ര ചെയ്യാനാകൂ എന്നത്, തങ്ങളുടെ ടൂറിസം വരുമാനം നഷ്ടപ്പെടാന്‍ കാരണമാകുമെന്നും NITA വ്യക്തമാക്കി. പെര്‍മിറ്റ് ലഭിക്കാന്‍ പണം നല്‍കുകയും, നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കുകയും വേണം.

യു.കെയുടെ നയം വടക്കന്‍ അയര്‍ലണ്ട് ടൂറിസത്തിന് വലിയ തരത്തില്‍ കോട്ടം വരുത്തുന്നതായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: