അയർലണ്ടിൽ അഴിമതി നിറഞ്ഞിരിക്കുന്നുവെന്ന് ഭൂരിപക്ഷം ജനങ്ങളും

രാജ്യത്ത് അഴിമതി എന്നത് വലിയൊരു പ്രശ്‌നമായി നിലനില്‍ക്കുന്നതായി അയര്‍ലണ്ടിലെ ഭൂരിപക്ഷം ജനങ്ങള്‍. 59% പേരാണ് രാജ്യത്ത് അഴിമതി നിറഞ്ഞിരിക്കുന്നതായി അഭിപ്രായപ്പെട്ടത്. ഇതില്‍ തന്നെ ആറില്‍ ഒന്ന് പേരും തങ്ങള്‍ ഏതെങ്കിലുംതരത്തില്‍ അഴിമതി നേരിട്ടതായും യൂറോപ്യന്‍ കമ്മിഷന്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികള്‍ അഴിമതി നടത്തുന്നതായി പ്രതികരിച്ച അയര്‍ലണ്ടുകാരും കുറവല്ല.

അതേസമയം യൂറോപ്യന്‍ യൂണിയനിലെ മറ്റ് പല രാജ്യങ്ങളെക്കാളും മെച്ചമാണ് അയര്‍ലണ്ടിലെ സ്ഥിതി. അഴിമതി നിലനില്‍ക്കുന്നതായി പ്രതികരിച്ച ഇയുവിലെ ശരാശരി ആളുകളുടെ എണ്ണം 70% ആണ്. അതായത് അയര്‍ലണ്ടിനെക്കാള്‍ 11% അധികം. ഒപ്പം അഴിമതിയുള്ളതായി പ്രതികരിച്ചവര്‍ ഏറ്റവും കുറവുള്ള ഇയുവിലെ 27 രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്തുമാണ് അയര്‍ലണ്ട്.

എന്നിരുന്നാലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഴിമതി വര്‍ദ്ധിച്ചതായി 43% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 10% പേര്‍ മാത്രമാണ് അഴിമതി കുറഞ്ഞതായി അഭിപ്രായപ്പെട്ടത്.

രാജ്യത്ത് അഴിമതി നിറഞ്ഞിരിക്കുന്നതായി പ്രതികരിച്ചവര്‍ ഏറ്റവുമധികം ഗ്രീസിലാണ്- 97%. ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, സൈപ്രസ്, മാള്‍ട്ട എന്നിവയാണ് തൊട്ടുപിന്നാലെ.

വെറും 13% പേര്‍ മാത്രം ഇത്തരത്തില്‍ പ്രതികരിച്ച ഫിന്‍ലന്‍ഡാണ് പട്ടികയില്‍ ഇങ്ങേയറ്റത്ത്. ഡെന്മാര്‍ക്ക്, സ്വീഡന്‍, ലക്‌സംബര്‍ഗ് എന്നിവയും അഴിമതിയുടെ കാര്യത്തില്‍ പിന്നിലാണ്.

27 ഇയു രാഷ്ട്രങ്ങളിലെ 26,400 പേരാണ് സര്‍വേയില്‍ പങ്കടുത്തത്. അയര്‍ലണ്ടിലെ 1,000 പേര്‍ സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സര്‍വേയിലും 59% അയര്‍ലണ്ടുകാരാണ് അഴിമതി നിറഞ്ഞിരിക്കുന്നതായി പ്രതികരിച്ചിരുന്നത്.

അതേസമയം അയര്‍ലണ്ടില്‍ അഴിമതിയുടെ ദൂഷ്യം അനുഭവിച്ചവരില്‍ 23% പേര്‍ മാത്രമാണ് അത് റിപ്പോര്‍ട്ട് ചെയ്തത്. അഴിമതി നടന്നതായി തെളിയിക്കുക പ്രയാസമായതിനാലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നാണ് മിക്കവരും പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: