മലയാളം മിഷന്‍ ബ്ളാക്ക്റോക്ക് മേഖല കമ്മറ്റിക്ക് സര്‍ക്കാര്‍ അംഗീകാരം; രജിസ്ട്രേഷന്‍ ആരംഭിച്ചു; ക്ലാസുകൾ സെപ്റ്റംബറില്‍ തുടങ്ങും

ഡബ്ലിൻ :പ്രവാസി മലയാളികള്‍ക്കു മലയാള ഭാഷാപഠനത്തിന് അവസരം ഒരുക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മലയാളം മിഷന്‍ പദ്ധതിയില്‍ അയര്‍ലണ്ട് ബ്ളാക്ക്റോക്ക് മേഖലയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കി. എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാള ഭാഷയും വളരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേരള സര്‍ക്കാരിന്റെ കീഴില്‍ മലയാളം മിഷന്‍ പ്രവര്‍ത്തിക്കുന്നത്.

ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടില്‍ രക്ഷാധികാരിയായ അയര്‍ലണ്ട് ബ്ളാക്ക്റോക്ക് മേഖല കമ്മറ്റിക്കാണ് മലയാളം മിഷന്‍ കേന്ദ്ര ഓഫീസ് അംഗീകാരം നല്‍കിയിരിക്കുന്നത് .

തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍ :

ചീഫ് കോര്‍ഡിനേറ്റര്‍ ~ അഡ്വ.സിബി സെബാസ്ററ്യന്‍
പ്രസിഡണ്ട് ~ അനീഷ് വി ചെറിയാന്‍
ജനറല്‍ സെക്രട്ടറി ~ ബിനു ജോസഫ് ലൂക്ക്
വൈസ് പ്രസിഡണ്ട് ~റോസ്മോള്‍ ബിജു & വിന്‍സന്റ് നിരപ്പേല്‍
ജോയിന്റ് സെക്രട്ടറി ~മഞ്ജു സാല്‍വേഷ്,ട്രഷറര്‍ ~ ജോബി തോമസ്

കോര്‍ഡിനേറ്റര്‍ ടീച്ചര്‍ : ജോയി കണ്ണമ്പുഴ,ജോഷി ജോസഫ്,മിനിമോള്‍ ജോസ് & റോസ് ബിജു.

ലൈബ്ററി കമ്മറ്റി : റാണി സുനില്‍ , നിജി ജോയി, ടെക്നിക്കല്‍ കോര്‍ഡിനേറ്റര്‍ : അനു ജോസഫ്.

എക്സിക്കുട്ടീവ് : ജോസഫ് വര്‍ഗ്ഗീസ്, ദീപു വര്‍ഗ്ഗീസ്,ജെയ്സണ്‍ ജോസഫ്, ജോജോ ജോസ്, ബിനീഷ് മാത്യു.

മാതൃഭാഷ പഠിക്കുന്നതിനോടൊപ്പം നമ്മുടെ സംസ്കാരവും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത മുന്നില്‍ നിര്‍ത്തിയാണ് ഒട്ടേറെ ഒരുപാട് മലയാളികള്‍ കുടിയേറിയ പ്രദേശമായ ബ്ളാക്ക്റോക്കില്‍ പുതിയ പഠനകേന്ദ്രം തുറക്കുന്നത്.

ഈ വര്‍ഷം സെപ്റ്റംബറില്‍ ക്ളാസുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ബ്ളാക്ക്റോക്ക് മേഖല ഭാരവാഹികള്‍.പ്രാരംഭമെന്ന നിലയില്‍ ബ്ളാക്ക്റോക്ക് മേഖലയിലെ ആദ്യ ഭാഷാ പഠനകേന്ദ്രത്തിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനത്തിന് തുടക്കമാവും. പ്രവേശനോത്സവത്തോടെ ആയിരിക്കും മലയാളം മിഷന്‍ ക്ളാസുകള്‍ക്ക് തുടക്കം കുറിക്കുക.പ്രസ്തുത പരിപാടിയിലേക്കും തുടര്‍ ക്ളാസുകളിലേക്കും പ്രിയപ്പെട്ട കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അയര്‍ലന്റിലെ മുഴുവന്‍ ഭാഷാ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി മലയാളം മിഷന്‍ ബ്ളാക്ക്റോക്ക് ഭാരവാഹികള്‍ അറിയിച്ചു.

മലയാളം മിഷന്‍ നല്‍കുന്ന സേവനങ്ങള്‍.

കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്സ്), സൂര്യകാന്തി (ഡിപ്ളോമ കോഴ്സ്), ആമ്പല്‍ (ഹയര്‍ ഡിപ്ളോമ കോഴ്സ്), നീലക്കുറിഞ്ഞി (സീനിയര്‍ ഡിപ്ളോമ കോഴ്സ്).

മലയാള പഠനത്തിനായി കോഴ്സുകള്‍ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലുപരി ഈ പഠനകേന്ദ്രവും സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കുന്നതിന് ആവശ്യമായ മറ്റ് പദ്ധതികളും മലയാളം മിഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പഠനകേന്ദ്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുക, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിവിധ സാഹിത്യ മത്സരങ്ങള്‍ നടത്തുക തുടങ്ങിയവ ഇവയില്‍ ചിലതാണ്.

പൂക്കാലം വെബ് മാഗസിന്‍ ~ മലയാളം മിഷന്‍റെ പാഠ്യപദ്ധതികളെ പിന്തുണയ്ക്കുന്നതിനും സാഹിത്യ സാംസ്കാരിക ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും എല്ലാ മാസവും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന മാഗസിനാണ് പൂക്കാലം.

റേഡിയോ മലയാളം ~ ലോകത്തുള്ള എല്ലാ മലയാളികളിലേക്കും മലയാള ഭാഷയുടെയും സംസ്കാരത്തിന്‍റെയും ചരിത്രവും പുതുരുചികളും എത്തിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണ് റേഡിയോ മലയാളം.

സുവനീര്‍ഷോപ്പ് ~ മലയാളം ഒരു ഭാഷ മാത്രമല്ല. ഒരു ദേശവും സംസ്കാരവും കൂടിയാണ്. ഈ കേരളത്തിന്‍റെയും മലയാളത്തിന്‍റെയും സുവനീറുകളായി ഭാഷയെയും സാഹിത്യത്തെയും അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് സുവനീര്‍ ഷോപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.

മലയാളം മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് ~ ലോകത്തെവിടെനിന്നും ആര്‍ക്കും ഓണ്‍ലൈനായി മലയാളം പഠിക്കുന്നതിന് സഹായിക്കുന്നതിനായി ഭൂമിമലയാളം മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചിട്ടുണ്ട്.

മലയാളഭാഷാ പ്രതിഭാപുരസ്കാരം ~ ആധുനിക സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്നതിന് മലയാള ഭാഷയെ സജ്ജമാക്കുന്നതില്‍ പ്രകടിപ്പിക്കുന്ന മികവിന് മലയാളം മിഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് മലയാള ഭാഷാ പ്രതിഭാ പുരസ്കാരം. 50,000/ രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

Share this news

Leave a Reply

%d bloggers like this: