അയർലണ്ടിലെ 500 യൂറോ റെന്റ് ടാക്സ് ക്രെഡിറ്റിന് നിങ്ങൾ അർഹരാണോ?

അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് നല്‍കുന്ന 500 യൂറോയുടെ സഹായധനത്തിന് അര്‍ഹരായവരില്‍ 10% പേര്‍ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂവെന്ന് അധികൃതര്‍. കഴിഞ്ഞ വര്‍ഷം മുതലാണ് സര്‍ക്കാര്‍ റെന്റ് ടാക്‌സ് ക്രെഡിറ്റ് എന്നറിയപ്പെടുന്ന സഹായം നല്‍കാന്‍ ആരംഭിച്ചത്.

ജൂലൈ 9 വരെയുള്ള കണക്കനുസരിച്ച് 40,000 പേര്‍ മാത്രമേ ഈ വര്‍ഷം രാജ്യത്ത് റെന്റ് ക്രെഡിറ്റിന് അപേക്ഷ നല്‍കിയിട്ടുള്ളൂ. അതേസമയം സഹായധനത്തിന് അര്‍ഹരായ 4 ലക്ഷം പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്. മുന്‍ വര്‍ഷം പകുതിയോളം പേര്‍ അപേക്ഷ നല്‍കിയിരുന്നു.

റെന്റ് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹരായവര്‍ ആരൊക്കെ?

മറ്റ് റെന്റല്‍ സഹായധനമൊന്നും ലഭിക്കാത്തവര്‍ക്കാണ് റെന്റ് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാനുള്ള അര്‍ഹത. 2022 മുതല്‍ മുന്‍കാല വാടകയ്ക്കും ക്രെഡിറ്റ് ലഭിക്കും.

നിലവില്‍ Housing Assistance Payment (HAP) ലഭിക്കുന്നവര്‍ക്കും Rental Accommodation Scheme (RAS)-ല്‍ ഉള്‍പ്പെട്ടവര്‍ക്കും ഈ സഹായധനത്തിന് അപേക്ഷിക്കാന്‍ സാധിക്കില്ല.

അംഗീകൃത തേര്‍ഡ് ലെവല്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും റെന്റ് ടാക്‌സ് ക്രെഡിറ്റിനായി അപേക്ഷിക്കാം. പഠനത്തിന്റെ ഭാഗമായി മക്കള്‍ താമസിക്കുന്ന വീടിന് വാടക നല്‍കുന്നവര്‍ക്കാണ് സഹായം ലഭിക്കുക. വാരാന്ത്യങ്ങളിലോ, വെക്കേഷനോ മക്കള്‍ വീട്ടില്‍ വന്ന് പോകുന്നവരാണെങ്കിലും സഹായം ലഭിക്കും.

പക്ഷേ ടാക്‌സ് വര്‍ഷം പഠനം തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥിക്ക് 23 വയസിന് മേല്‍ പ്രായമുണ്ടെങ്കിലോ, വാടക വീടിന്റെ ഉടമ നിങ്ങളുടെ ബന്ധുവാണെങ്കിലോ സഹായം ലഭിക്കില്ല.

റെന്റ് ടാക്‌സ് ക്രെഡിറ്റിന് എങ്ങനെ അപേക്ഷിക്കാം?

റവന്യൂ വെബ്‌സൈറ്റ് (https://www.revenue.ie/en/personal-tax-credits-reliefs-and-exemptions/rent-credit/index.aspx) വഴിയാണ് സഹായധനത്തിന് അപേക്ഷ നല്‍കേണ്ടത്. PAYE ടാക്‌സ് നല്‍കുന്നവര്‍ക്ക് റവന്യൂവിന്റെ MyAccount Portal (https://www.ros.ie/myaccount-web/sign_in.html) വഴിയും അപേക്ഷ നല്‍കാം. റവന്യൂ ഓണ്‍ലൈന്‍ സര്‍വീസുകള്‍ (ROS) വഴിയും അപേക്ഷിക്കാവുന്നതാണ്.

നിലവില്‍ PAYE ടാക്‌സ് നല്‍കുന്നവര്‍ക്ക് മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കൂ. വര്‍ഷാവസാന ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ ഈ വര്‍ഷം അവസാനം വരെ അപേക്ഷ നല്‍കാന്‍ കാത്തിരിക്കേണ്ടിവരും.

ഓര്‍ക്കാന്‍ ചിലത്

ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എല്ലാവര്‍ക്കും 500 യൂറോ വീതം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. എല്ലാവരും ടാക്‌സ് അടയ്ക്കുന്നവരായിരിക്കണം.

സഹായം ലഭിക്കുന്നവരുടെ വാടക വീട് Residential Tenancies Board (RTB)-ല്‍ രജിസ്റ്റര്‍ ചെയ്തതായിരിക്കണം. Registered Tenancy (RT) number ഇല്ലെങ്കിലും വാടകയ്ക്ക് താമസിക്കുന്നതായി മറ്റ് തെളിവുകള്‍ ഹാജരാക്കിയാല്‍ ടാക്‌സ് ക്രെഡിറ്റ് ലഭിക്കും.

Share this news

Leave a Reply

%d bloggers like this: