അയർലണ്ടിൽ വംശീയാതിക്രമം വർദ്ധിക്കുന്നു; യോജിച്ച് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ വംശീയവിദ്വേഷവും, അതുമായി ബന്ധപ്പെട്ട അക്രമങ്ങളും വര്‍ദ്ധിക്കുന്നു എന്നതിനോട് യോജിച്ച്‌ പ്രധാനമന്ത്രി ലിയോ വരദ്കര്‍. രാജ്യത്ത് തീവ്രവലതുപക്ഷവാദികള്‍ പെരുകുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവേയാണ് ആശങ്കാജനകമായ കാര്യങ്ങള്‍ പ്രധാനമന്ത്രി പങ്കുവച്ചത്.

അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെ താമസസ്ഥലങ്ങള്‍ക്ക് പുറത്ത് ആളുകള്‍ പ്രതിഷേധപരിപാടികള്‍ നടത്തുകയും, അസംബന്ധമായ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കയും ചെയ്യുന്നു. ഇതിന് പുറമെ കറുത്ത നിറമുള്ളവരും, മറ്റ് വംശത്തില്‍ പെട്ടവരും ആക്രമിക്കപ്പെടുകയും ചെയ്യുന്നു- വരദ്കര്‍ വ്യക്തമാക്കി.

അതേസമയം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ തീവ്രവലതുപക്ഷവാദികള്‍ അത്രകണ്ട് പെരുകുന്നില്ലെന്ന് ഗാര്‍ഡ കമ്മീഷണര്‍ Drew Harris കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, Harris ഉദ്ദേശിച്ചത് ഇവിടെ തീവ്രവലതുപക്ഷക്കാരായ ജനപ്രതിനിധികള്‍ പാര്‍ലമെന്റിലേയ്ക്കും, സര്‍ക്കാരിലേയ്ക്കും തെരഞ്ഞെടുക്കപ്പെടുന്നില്ല എന്നാണെന്ന് വരദ്കര്‍ പറഞ്ഞു.

തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ രാജ്യത്തുണ്ടെങ്കിലും, അവര്‍ക്ക് പാര്‍ലമെന്റില്‍ കാര്യമായ പ്രാതിനിധ്യമില്ല- വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്ത് പ്രകടമായ രീതിയില്‍ വംശീയത വര്‍ദ്ധിക്കുന്നുണ്ടെന്ന് വരദ്കര്‍ വ്യക്തമാക്കി. ഇക്കാരണത്താലാണ് വംശീയാതിക്രമം, വിദ്വേഷപ്രചരണം എന്നിവയ്‌ക്കെതിരായ നിയമങ്ങള്‍ ശക്തമാക്കാന്‍ ശ്രമിക്കുന്നതെന്നും വരദ്കര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: