ആശ്വാസം! അയർലണ്ടിൽ ഇനിമുതൽ പൗരത്വ അപേക്ഷ നൽകുന്നതിന് തൊട്ടുമുമ്പ് 100 ദിവസം വരെ രാജ്യത്തിന് പുറത്തുപോകാം

അയര്‍ലണ്ടിലെ കുടിയേറ്റ, പൗരത്വ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍. ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്നവയാണ് ഈ മാറ്റങ്ങള്‍.

പൗരത്വ അപേക്ഷ നല്‍കുന്നതിന് തൊട്ടുമുമ്പുള്ള ഒരു വര്‍ഷം അയര്‍ലണ്ടില്‍ തന്നെ ഉണ്ടായിരിക്കണം എന്ന നിയമം നിലനില്‍ക്കുമെങ്കിലും, അതില്‍ വ്യവസ്ഥകളോടെ 100 ദിവസം വരെ രാജ്യത്ത് നിന്നും മാറിനില്‍ക്കാം എന്ന മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ ഇത്തരത്തില്‍ ആറ് ആഴ്ച വരെ മാത്രമേ രാജ്യത്തുനിന്നും മാറിനില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതേസമയം ഇതിന് ചില നിബന്ധനകളുണ്ട്.

പുതിയ നിയമപ്രകാരം സാധാരണ 70 ദിവസം വരെ ഇത്തരത്തില്‍ അനുമതിയോടെ രാജ്യത്തിന് പുറത്ത് പോകാം. എന്നാല്‍ ചില പ്രത്യേകസാഹചര്യങ്ങളില്‍ 30 ദിവസം കൂടി ഇത് നീട്ടിനല്‍കും. അതായത് ആകെ 100 ദിവസം വരെ പുറത്തേയ്ക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കും.

ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍, കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ജോലി, പഠനം മുതലായവയാണ് പ്രത്യേകസാഹചര്യങ്ങളായി പരിഗണിക്കുന്നത്. അതേസമയം 30 ദിവസത്തെ അധിക അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം നീതിന്യായവകുപ്പ് മന്ത്രിക്കാണ്.

പൗരത്വ അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഇനി ഇമെയില്‍ അടക്കമുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി അയയ്ക്കാമെന്നും ഭേദഗതിയില്‍ പറയുന്നുണ്ട്.

ജൂലൈ 31 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നിലവില്‍ നല്‍കിയിരിക്കുന്ന അപേക്ഷകള്‍ക്കും, ഇനി നല്‍കുന്ന അപേക്ഷകള്‍ക്കും മാറ്റങ്ങള്‍ ബാധകമാണ്.

നിയമത്തിലെ മറ്റൊരു മാറ്റം നാടുകടത്തല്‍ സംബന്ധിച്ചുള്ളതാണ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്താലോ, രാജ്യത്തിന് ഭീഷണിയാണെന്ന് തോന്നിയാലോ ആണ് ഒരാളെ നാടുകടത്തുക. ഒരാള്‍ക്ക് നാടുകടത്തല്‍ ഉത്തരവ് ലഭിച്ചാല്‍, 1999-ലെ കുടിയേറ്റനിയമപ്രകാരം അയാള്‍ക്ക് തന്നെ സ്വയം നാടുവിട്ട് പോകാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് നാടുകടത്തല്‍ ഉത്തരവ് ലഭിച്ചയാള്‍ക്ക് ഇത്തരത്തില്‍ സ്വയം രാജ്യം വിട്ട് പോകാന്‍ സാധിക്കില്ല.

അയര്‍ലണ്ടില്‍ ജനിക്കുന്ന ഇതരപൗരന്മാരുടെ കുട്ടികള്‍ക്ക് മൂന്ന് വയസ് തികഞ്ഞാല്‍ ഐറിഷ് പൗരത്വം ലഭിക്കാന്‍ അപേക്ഷ നല്‍കാമെന്ന തരത്തിലുള്ള മാറ്റവും വന്നിട്ടുണ്ട്. അത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇവിടെ വായിക്കാം:

ഇമിഗ്രേഷന്‍, സിറ്റിസണ്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും, എല്ലാവിധ സഹായങ്ങള്‍ക്കും ബന്ധപ്പെടാം:

Adv. Jithin Ram

Loius Kennedy Solicitors

180 Templeogue Rd, Templeogue Village,

Dublin 6W, Co. Dublin, D6W EH01, Ireland

Contact: +353 89211 3987

Share this news

Leave a Reply

%d bloggers like this: