IRP കാർഡ് വഴി ഐറിഷ് സർക്കാർ കൊയ്യുന്നത് കൊള്ളലാഭം; ഫീസ് കുറയ്ക്കുമോ?

Irish Residence Permit (IRP)-മായി ബന്ധപ്പെട്ട ഫീസ് കുറയ്ക്കാന്‍, വരുന്ന ബജറ്റില്‍ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യം. കുടിയേറ്റക്കാരുടെ The Fair Fees Campaign Group ആണ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീയോട് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ 300 യൂറോയാണ് IRP കാര്‍ഡിനുള്ള ഫീസ്. ഇയുവിന് പുറത്തുള്ള ഇന്ത്യക്കാരടക്കമുള്ളവര്‍ ഓരോ വര്‍ഷവും കാര്‍ഡിനായി ഇത്രയും വലിയ തുക മുടക്കേണ്ട അവസ്ഥയിലാണ്.

അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ ഫീസ് യഥാക്രമം 75, 55 യൂറോ ആണ്. ഇതിന് സമാനമായി IRP കാര്‍ഡ് ഫീസിലും ഇളവ് വരുത്തണമെന്നാണ് കുടിയേറ്റക്കാരുടെ ആവശ്യം.

എന്നാല്‍ വലിയ പരിശ്രമമാണ് IRP കാര്‍ഡ് നല്‍കുന്നതിനുള്ള നടപടിക്ക് ഉദ്യോഗസ്ഥര്‍ എടുക്കുന്നതെന്നും, അതിനാലാണ് കൂടിയ ഫീസ് ഈടാക്കുന്നതെന്നുമാണ് നീതിന്യായവകുപ്പിന്റെ വിശദീകരണം.

പക്ഷേ IRP കാര്‍ഡ് വഴി നീതിന്യായവകുപ്പിന് ലഭിക്കുന്ന വരുമാനം 35 മില്യണ്‍ യൂറോയാണെന്നും, ഇതില്‍ 21.7 മില്യണ്‍ യൂറോയും ലാഭവിഹിതമായി ഖജനാവിന് നല്‍കുകയാണെന്നും ഫീസ് കുറയ്ക്കാന്‍ കാംപെയിന്‍ നടത്തിവരുന്ന കൂട്ടായ്മയുടെ കോഡിനേറ്ററായ നീല്‍ ബര്‍ട്ടന്‍ പറഞ്ഞു. അങ്ങനെയാണെന്നിരിക്കേ നടപടിക്രമങ്ങള്‍ക്കുള്ള തുകയായാണ് വലിയ ഫീസ് ഈടാക്കുന്നതെന്ന് വകുപ്പിന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇക്കാര്യത്തില്‍ സുതാര്യത ആവശ്യമാണെന്നും ബര്‍ട്ടന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: