‘സ്വർണ്ണക്കുട്ടൻ!’; ലോക അത്‌ലറ്റിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ് ചോപ്ര

ലോക അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ബുഡാപെസ്റ്റില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 88.17 ദൂരത്തേയ്ക്ക് ജാവലിന്‍ എറിഞ്ഞ നീരജ്, ലോക അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി.

കഴിഞ്ഞ വര്‍ഷം നടന്ന ചാംപ്യന്‍ഷിപ്പില്‍ 25-കാരനായ നീരജ് ചോപ്ര, വെള്ളി നേടിയിരുന്നു.

അതേസമയം നിരവധി പരിക്കുകളേറ്റിട്ടും ദൃഢനിശ്ചയത്തോടെ ട്രാക്കിലേയ്ക്ക് മടങ്ങിയെത്തിയാണ് നീരജ് സ്വപ്‌നസമാനമായ നേട്ടത്തിലെത്തിയത്. നീരജിന് കടുത്ത വെല്ലുവിളിയുയര്‍ത്തിയ പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം, 87.82 മീറ്ററുമായി വെള്ളി നേടി. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെഷിനാണ് വെങ്കലം (ദൂരം 86.67 മീറ്റര്‍).

തന്റെ രണ്ടാം ശ്രമത്തിലായിരുന്നു 88.17 മീറ്ററോടെ നീരജ് തങ്കത്തില്‍ മുത്തമിട്ടത്. ആദ്യശ്രമത്തിലെ ഫൗളിന് ശേഷം 88.17, 84.64, 87.73, 83.98 എന്നിങ്ങനെ ദൂരങ്ങളിലാണ് നീരജിന്റെ ജാവലിന്‍ കുതിച്ചത്.

നേരത്തെ ഒളിംപിക്‌സ് (ടോക്കിയോ 2020), ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് (2017), ഡയമണ്ട് ലീഗ് (2022), ഏഷ്യന്‍ ഗെയിംസ് (2018), കോമണ്‍വെല്‍ത്ത് ഗെയിംസ് (2018), ജൂനിയര്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പ്‌സ് (2016) എന്നിവയിലും നീരജ് സ്വര്‍ണ്ണത്തിളക്കത്തിലെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: