അയർലണ്ടിൽ ഇന്ത്യക്കാർക്ക് നേരെ അക്രമം തുടരുന്നു; ഡബ്ലിനിൽ മദ്ധ്യവയസ്കനെ ആക്രമിച്ചത് കൗമാരക്കാരുടെ സംഘം

അയര്‍ലണ്ടില്‍ ഈയിടെയായി വര്‍ദ്ധിച്ചുവരുന്ന വംശീയാതിക്രമങ്ങളുടെ തുടര്‍ച്ചയായി ഡബ്ലിനില്‍ ഇന്ത്യക്കാരന് നേരെ ക്രൂരമായ ആക്രമണം. രണ്ട് കുട്ടികളുടെ പിതാവായ അമിത് ശുക്ല എന്ന മദ്ധ്യവയസ്‌കനെയാണ് കഴിഞ്ഞയാഴ്ച ഒരുകൂട്ടം കൗമാരക്കാര്‍ അകാരണമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

സെപ്റ്റംബര്‍ 18 തിങ്കളാഴ്ച വൈകിട്ട് 7.30-ഓടെ സിറ്റി വെസ്റ്റിലെ ഫോര്‍ച്യൂണ്‍സ്ടൗണ്‍ ലുവാസ് സ്‌റ്റോപ്പിന് സമീപമായിരുന്നു സംഭവം. വീട്ടിലേയ്ക്കുള്ള പലചരക്ക് സാധനങ്ങളും പച്ചക്കറികളുമായി നടന്നുവരികയായിരുന്ന അമിത്തിനെ 10-ഓളം പേര്‍ വരുന്ന കൗമാരക്കാരുടെ സംഘം ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.

താന്‍ അവരുടെ നേരെ നോക്കിയത് പോലുമില്ലായിരുന്നുവെന്നും, എന്തിനാണ് അവര്‍ ആക്രമിച്ചതെന്ന് തനിക്ക് ഇപ്പോഴുമറിയില്ലെന്നും അദ്ദേഹം പറയുന്നു. ശക്തമായി പലതവണ ഇടിയേറ്റ അമിത്തിന്റെ മുഖം പൊട്ടി ചോരയൊലിച്ചു. തുടര്‍ന്ന് രക്ഷയ്ക്കായി അദ്ദേഹം തന്റെ വീടിന് നേരെ ഓടി. ഭാഗ്യവശാല്‍ അക്രമിസംഘം തന്നെ പിന്തുടര്‍ന്നില്ലെന്നും, എന്നാല്‍ ഭാര്യയ്ക്കും, സുഹൃത്തിനുമൊപ്പം അക്രമം നടന്ന സ്ഥലത്ത് തിരികെയെത്തിയപ്പോള്‍ തന്റെ സാധനങ്ങളുടെ സഞ്ചി കൗമാരക്കാര്‍ കൊണ്ടുപോയിരുന്നുവെന്നും അമിത് പറയുന്നു.

യാതൊരു പ്രകോപനവും കൂടാതെ, അമിത്തിന്റെ പേഴ്‌സ് പോലും ആവശ്യപ്പെടാതെയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നതിനാലാണ് ഇത് വംശീയാതിക്രമമാണെന്ന് സംശയിക്കുന്നത്. അയര്‍ലണ്ടിലെ പല കൗണ്ടികളിലും ജീവിച്ചിട്ടുള്ള തനിക്കും ഭാര്യയ്ക്കും നേരെ മുമ്പ് വംശീയാധിക്ഷേപങ്ങളും മറ്റും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ശാരീരികമായി ആക്രമിക്കപ്പെടുന്നത് ആദ്യമാണെന്ന് അമിത് പറയുന്നു. ഈ സംഭവത്തോടെ തന്റെ മക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഗാര്‍ഡ പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: