ഗാർഡയുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചു; യുവതി അറസ്റ്റിൽ

ഗാര്‍ഡ ഉദ്യോഗസ്ഥന്റെ കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച സംഭവത്തില്‍ യുവതി റിമാന്‍ഡില്‍. സെപ്റ്റംബര്‍ 21-നാണ് ഫ്രാന്‍സസ് ഹാരിസണ്‍ എന്ന 31-കാരി തെക്കന്‍ ഡബ്ലിനിലെ Basin Street-ല്‍ വച്ച് ഗാര്‍ഡ ഉദ്യോഗസ്ഥനെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ചത്.

സംഭവം നടന്ന ദിവസം രാത്രിയാണ് GoCar വഴി വാടകയ്‌ക്കെടുത്ത കാര്‍ പ്രതി മോഷ്ടിച്ചതായി സംശയമുയര്‍ന്നത്. കാറിലെ ട്രാക്കിങ് ഉപകരണം എടുത്തുമാറ്റിയതായിരുന്നു സംശയം ജനിപ്പിച്ചത്.

തുടര്‍ന്ന് 9.45-ഓടെ അമിതവേഗതയില്‍ ലൈറ്റിടാതെ പോകുകയായിരുന്ന കാര്‍ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. ഈ സമയം ഒരു ഫ്രാന്‍സസ് ഹാരിസണ്‍ കാറില്‍ ഇരിക്കുകയും, മറ്റൊരാള്‍ ഡ്രൈവ് ചെയ്യുകയുമായിരുന്നു. കാറിലെ ട്രാക്കിങ് ഉപകരണം റോഡില്‍ ഉപേക്ഷിച്ച നിലയിലുമായിരുന്നു. തുടര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തിയ ഗാര്‍ഡ ഉദ്യോഗസ്ഥന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവേയായിരുന്നു ഹാരിസണ്‍, കൈയിലിരുന്ന മുളകുപൊടി സ്‌പ്രേ ഉദ്യോഗസ്ഥന്റെ കണ്ണില്‍ അടിച്ചത്. അല്‍പ്പനേരത്തേയ്ക്ക് കണ്ണ് തുറക്കാന്‍ കഴിയാതിരുന്ന ഉദ്യോഗസ്ഥന് പിന്നീട് വൈദ്യസഹായം നല്‍കി. ഇതിനിടെ ഡ്രൈവര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു.

അറസ്റ്റ് ചെയ്ത് ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഫ്രാന്‍സസ് ഹാരിസന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതിയെ റിമാന്‍ഡില്‍ വിട്ടിരുന്നു. പിന്നീട് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അതും തള്ളുകയായിരുന്നു. കൂടുതല്‍ വകുപ്പുകള്‍ പ്രതിക്ക് മേല്‍ ചുമത്തിയേക്കുമെന്നത് മുന്‍നിര്‍ത്തിയായിരുന്നു കോടതി നടപടി.

കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Share this news

Leave a Reply

%d bloggers like this: