എല്ലാവർക്കും കിട്ടി; എന്നാൽ ഇന്നും കോവിഡ്കാല ബോണസ് ലഭിക്കാതെ രാജ്യത്തെ 50-ലധികം നഴ്‌സുമാർ

ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന കോവിഡ് കാല ബോണസ് ഇനിയും ലഭിക്കാതെ രാജ്യത്തെ നിരവധി നഴ്‌സുമാര്‍. കോര്‍ക്കിലെ SouthDoc-ല്‍ ജോലി ചെയ്യുന്ന 15-ലധികം കമ്മ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ നഴ്‌സുമാര്‍, വെക്‌സ്‌ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ്, വിക്ക്‌ലോ, കില്‍ക്കെന്നി, കാര്‍ലോ, ടിപ്പററി എന്നിവിടങ്ങളില്‍ CareDoc-ല്‍ ജോലി ചെയ്യുന്ന 38 കമ്മ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ നഴ്‌സുമാര്‍ എന്നിവരാണ് കോവിഡാനന്തരം രാജ്യം സാധാരണ നിലയിലേയ്ക്ക് തിരികെ വന്നതിന് ശേഷവും അര്‍ഹിച്ച ആനുകൂല്യത്തിനായി കാത്തിരിക്കുന്നതെന്ന് Irish Nurses and Midwives Organisation (INMO) പറയുന്നു.

ഏകദേശം 20 മാസങ്ങള്‍ക്ക് മുമ്പാണ് കോവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട നഴ്‌സുമാര്‍ക്ക് 1,000 യൂറോ ബോണസ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും, എന്നാല്‍ ഇപ്പോഴും എല്ലാവര്‍ക്കും അത് ലഭിക്കാത്തതില്‍ തങ്ങള്‍ അസംതൃപ്തിയിലാണെന്നും യൂണിയന്‍ വ്യക്തമാക്കി. ബോണസ് എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും അധികൃതര്‍ നല്‍കുന്നുമില്ല.

കോവിഡിനെ പറ്റി കാര്യമായ ധാരണയില്ലാതിരുന്ന കാലത്ത് പോലും ജീവന്‍ പണയം വച്ച് സേവനം ചെയ്തവരാണ് ഈ നഴ്‌സുമാരെന്നും, നിലവിലെ സാഹചര്യം ഇവരുടെ ആത്മവീര്യം കെടുത്തുന്നതാണെന്നും INMO ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫിസര്‍ ലിയാം കോണ്‍വേ പറഞ്ഞു.

പ്രശ്‌നത്തില്‍ HSE ഇടപെടുന്നില്ലെന്ന് പറഞ്ഞ കോണ്‍വേ, രാജ്യത്ത പൊതു, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കെല്ലാം എത്രയോ മുമ്പ് തന്നെ കോവിഡ് കാല ബോണസ് നല്‍കിയിട്ടും, കമ്മ്യൂണിറ്റി സേവനം നടത്തുന്ന ഈ നഴ്‌സുമാര്‍ക്ക് നല്‍കാതിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: