ഭരണകക്ഷി സ്ഥാനാർത്ഥിയായി മലയാളിയായ അഡ്വ. ജിതിൻ റാം ലൂക്കനിൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

ഈ വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലൂക്കനിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായി മലയാളിയായ അഡ്വക്കറ്റ് ജിതിന്‍ റാം. ഭരണകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചുകൊണ്ടാണ് അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് ചിരപരിചിതനായ ജിതിന്‍, രാഷ്ട്രീയജീവിതത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കമിടുന്നത്.

കേരളത്തില്‍ ആലപ്പുഴ സ്വദേശിയായ ജിതിന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയും, പ്രശസ്തമായ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം നേടിയ വ്യക്തിയുമാണ്. നിലവില്‍ ഡബ്ലിനിലുള്ള ലൂയിസ് കെന്നഡി സൊളിസിറ്റേഴ്‌സില്‍ ഇമിഗ്രേഷന്‍, പ്രോപ്പര്‍ട്ടി വിഭാഗങ്ങളിലെ നിയമവശങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ്.

നിയമത്തിന് പുറമെ ഡബ്ലിന്‍ ബിസിനസ് സ്‌കൂളില്‍ നിന്നും ടാക്‌സേഷന്‍ ഡിപ്ലോമ പാസായിട്ടുള്ള ജിതിന്‍, അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ പ്രശസ്തമായ ഷീലാ പാലസ് റസ്റ്ററന്റിന്റെ ഉടമ കൂടിയാണ്. അയര്‍ലണ്ടിലെ റോസ് മലയാളം, ഐറിഷ് ഇന്ത്യന്‍ ക്രോണിക്കിള്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സിഇഒ ആയും പ്രവര്‍ത്തിക്കുന്ന ജിതിന്‍, ബഹുമുഖപ്രതിഭയെന്ന നിലയില്‍ മലയാളികള്‍ക്ക് പുറമെ, അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്കിടയിലും ഇതിനോടകം കീര്‍ത്തി നേടിയിട്ടുണ്ട്.

ഗ്രീന്‍ പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ജിതിന്റെ പ്രവര്‍ത്തനഫലമായാണ് കോവിഡ് കാലത്ത് രാജ്യത്തെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കുള്ള അധിക വിസാ കാലയളവ് അനുവദിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തയ്യാറായത്.

കോവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന ദീര്‍ഘകാല വിസാ സേവനം ജിതിനും സംഘവും ഇടപെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ഇതിന് പുറമെ മാതാപിതാക്കളെ തങ്ങളോടൊപ്പം അയര്‍ലണ്ടില്‍ നിര്‍ത്തുന്നതിനായി പ്രത്യേക വിസ ഏര്‍പ്പെടുത്തണമെന്നുകാട്ടി ജിതിന്‍ നിവേദനം സമര്‍പ്പിക്കുകയും, ഇക്കാര്യം നിലവില്‍ അധികൃതരുടെ പരിഗണനയിലാണ്.

കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം, രാജ്യത്തെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളിലും, ക്ഷേമപ്രവര്‍ത്തനങ്ങളിലും കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി ജിതിന്‍ റാം പറയുന്നു. താന്‍ നടത്തുന്ന മലയാളം, ഇംഗ്ലിഷ് ഭാഷാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും, ജോലി ചെയ്യുന്ന നിയമസ്ഥാപനം വഴിയും കുടിയേറ്റക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ സമയബന്ധിതമായും, അധികൃതര്‍ക്ക് അവഗണിക്കാന്‍ സാധിക്കാത്ത രീതിയിലും ഇടപെടുന്ന ജിതിന്‍, അയര്‍ലണ്ടിലെ പ്രവാസിസമൂഹത്തിനാകെ പ്രതീക്ഷ പകരുന്ന വ്യക്തിത്വമാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പിലെ ജിതിന്റെ സാന്നിദ്ധ്യം പ്രവാസിസമൂഹത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള യാത്രയുടെ തുടക്കം കൂടിയാകുന്നു.

Share this news

Leave a Reply

%d bloggers like this: