ആഘോഷം അതിരുകടന്നു; വെക്സ്ഫോർഡിൽ കാറിന് നേരെ പടക്കം പൊട്ടിച്ചെറിഞ്ഞ് ഒരാൾക്ക് പരിക്ക്

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ കാറിന് നേരെ പടക്കം എറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍, കാറിടിച്ച് കൗമാരക്കാരന് പരിക്ക്. ചൊവ്വാഴ്ച രാത്രിയാണ് Enniscorthy-യിലെ Drumgoold പ്രദേശത്ത് കാറിന് നേരെ അജ്ഞാതര്‍ പടക്കം പൊട്ടിച്ചെറിഞ്ഞത്. കാറിന് മുകളില്‍ പടക്കം വന്നുവീണ് പൊട്ടിയതോടെ കാര്‍ ഡ്രൈവറുടെ കാഴ്ച മറയുകയും, നിയന്ത്രണം വിട്ട കാര്‍, സമീപം നില്‍ക്കുകയായിരുന്ന കൗമാരക്കാരനെ ഇടിക്കുകയുമായിരുന്നു. ഹാലോവീന്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചെറിയുകയായിരുന്നുവെന്നാണ് കരുതുന്നത്.

അപകടത്തില്‍ പരിക്കേറ്റ കൗമാരക്കാരനെ ഗുരുതരമല്ലാത്ത പരിക്കുകളോടെ വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒക്ടോബര്‍ 31-ലെ ഹാലോവീന്‍ രാത്രി ആഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് പലയിടത്തും പടക്കം പൊട്ടിയുണ്ടായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അയര്‍ലണ്ടില്‍ പടക്കം കൈവശം വയ്ക്കുന്നതും, പൊട്ടിക്കുന്നതും നിയമവിരുദ്ധമാണെങ്കിലും, ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ക്കിടെ ആളുകള്‍ അനധികൃതമായി പടക്കങ്ങള്‍ ഉപയോഗിക്കാറുണ്ട്.

ഇത്തരം അപകടങ്ങള്‍ തടയാനായി ഗാര്‍ഡ നടത്തിയ പരിശോധനകളില്‍ ഈയിടെ ആയിരക്കണക്കിന് യൂറോയുടെ പടക്കങ്ങള്‍ പിടിച്ചെടുത്തിരുന്നു.

ഹാലോവീന്‍ രാത്രിയില്‍ ഓരോ 70 സെക്കന്റിലും അപകടവുമായി ബന്ധപ്പെട്ട ഒരു ഫോണ്‍ കോളെങ്കിലും തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ വെളിപ്പെടുത്തല്‍.

Share this news

Leave a Reply

%d bloggers like this: