അയർലണ്ടിൽ എച്ച്ഐവി രോഗികൾ വർദ്ധിക്കുന്നു; സ്ത്രീകളിൽ രോഗബാധ ഇരട്ടിയിലധികം വർദ്ധിച്ചു

അയര്‍ലണ്ടിലെ എച്ച്‌ഐവി രോഗികളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. Health Protection Surveillance Centre (HPSC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം പുതുതായി 884 പേര്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. 2019-ല്‍ ഇത് 527 ആയിരുന്നു.

2019-ന് ശേഷം രാജ്യത്ത് എച്ച്‌ഐവി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നതെന്നും, സ്ത്രീകള്‍ക്ക് രോഗം ബാധിക്കുന്നത് ഇരട്ടിയിലധികം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2019-ല്‍ 134 സ്ത്രീകള്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍, 2022-ല്‍ ഇത് 298, അതായത് ഇരട്ടിയില്‍ അധികമായി ഉയര്‍ന്നു. അതേസമയം രോഗം സ്ഥിരീകരിക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ 50 ശതമാനത്തില്‍ താഴെ വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തയത്.

എച്ച്‌ഐവി ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ കാര്യത്തില്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേര്‍ക്കാണ് 2022-ല്‍ രോഗം ബാധിച്ചതായി കണ്ടെത്തിയത്.

അതേസമയം ടെസ്റ്റ് നടത്തുന്നത് വര്‍ദ്ധിച്ചത് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമായതായി സംശയമുണ്ട്.

രോഗികളാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും 2022-ല്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ 58% പേരും ഗേ, ബൈസെക്ഷ്വല്‍, മറ്റ് പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ (gbMSM) എന്നിവരാണ്. ഹെറ്ററോസെക്ഷ്വലുകളായ ആളുകളാണ് (എതിര്‍ലിംഗക്കാരോട് ലൈംഗികാഭിമുഖ്യമുള്ളവര്‍) 35% രോഗികള്‍.

Share this news

Leave a Reply

%d bloggers like this: