ഇക്കഴിഞ്ഞ ഒക്ടോബര്‍, ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നുവെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. ഇതോടെ 2023, ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറാനുള്ള സാധ്യതയും ഏറെയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ആഗോളമായി പലയിത്തും കനത്ത ചൂടാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി അനുഭവപ്പെടുന്നത്. ഇറ്റലി, ഫ്രാന്‍സ്, ഗ്രീസ് അടക്കം യൂറോപ്പിലെ പലയിടത്തും അതിശക്തമായചൂട് സ്ഥിതിഗതികള്‍ വഷളാക്കിയപ്പോള്‍, യുഎസ്, മെക്‌സിക്കോ എന്നിവിടങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് സംഭവിച്ചത്. അയര്‍ലണ്ടാകട്ടെ കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, അതിശക്തമായ മഴ, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങളാല്‍ വലയുകയാണ്. അന്തരീക്ഷതാപനിലയ്‌ക്കൊപ്പം സമുദ്രനിരപ്പിലെ താപനിലയും ഉയരുന്നതാണ് കൊടുങ്കാറ്റിനും മറ്റും കാരണമാകുന്നത്.
ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലാണ് ആഗോളമായി അന്തരീക്ഷതാപനില വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. അതിനാല്‍ ഇവയുടെ പുറന്തള്ളല്‍ കുറയ്ക്കാനായി ലോകരാജ്യങ്ങള്‍ കൈകോര്‍ക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഈ മാസം UNPCOP28 എന്ന പേരില്‍ ദുബായില്‍ സമ്മേളനത്തിന് തയ്യാറെടുക്കുകയാണ്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ സമ്മേളനം നീണ്ടുനില്‍ക്കും.
പ്രീ ഇന്‍ഡസ്ട്രിയല്‍ കാലഘട്ടം എന്നറിയപ്പെടുന്ന 1850-1900 വര്‍ഷങ്ങളിലെ ഒക്ടോബര്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി താപനിലയെക്കാള്‍ 1.7% അധികതാപനിലയാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ 100,000 വര്‍ഷത്തിനിടെയുള്ള ഏറ്റവും ചൂടേറിയ വര്‍ഷമായി 2023 മാറിയേക്കാം എന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.