ടിപ്പററിയിൽ അഭയാർത്ഥികളെ താമസിപ്പിക്കുന്ന ഹോട്ടലിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം; ഒരാൾ അറസ്റ്റിൽ

കൗണ്ടി ടിപ്പററിയിലെ Roscrea-യില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ തയ്യാറാക്കിയ ഹോട്ടലിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്തെ Racket Hall ഹോട്ടലിന് മുന്നില്‍ ഏതാനും ദിവസമായി നടന്നുവരുന്ന പ്രതിഷേധം തിങ്കളാഴ്ചയും തുടര്‍ന്നതോടെ ഹോട്ടലിന് മുന്നില്‍ ഗാര്‍ഡ സുരക്ഷയൊരുക്കുകയും, പ്രതിഷേധക്കാരില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ പിന്നീട് വിട്ടയച്ചതായും ഗാര്‍ഡ അറിയിച്ചു.

കൂടുതല്‍ അഭയാര്‍ത്ഥികള്‍ പ്രദേശത്ത് എത്തുന്നതോടെ ഇവിടുത്തെ വികസനത്തെ അത് ബാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഭയാര്‍ത്ഥികളെ താമസിപ്പിക്കരുത് എന്നല്ല പറയുന്നതെന്നും, പക്ഷേ പ്രദേശത്ത് പുനരധിവസിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കണമെന്നാണ് തങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ടിപ്പററിയിലെ ടിഡിമാരായ Michael Lowey, Mattie McGrath, Martin Browne എന്നിവരും വാരാന്ത്യത്തില്‍ ഹോട്ടലിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം ഉക്രെയിനില്‍ നിന്നടക്കം കൂടുതല്‍ അഭയാര്‍ത്ഥികള്‍ രാജ്യത്ത് എത്തിയത് കാരണം അവര്‍ക്ക് അടിയന്തര താമസസൗകര്യം ഒരുക്കേണ്ടതിനാലാണ് ലഭ്യമായ ഇടങ്ങള്‍ അതിനായി തെരഞ്ഞെടുക്കുന്നതെന്ന് മന്ത്രി Roderic O’Gorman കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിക്കായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, അതേസമയം നിലവിലെ സാഹചര്യം കാരണമാണ് ഇത്തരത്തില്‍ വേഗത്തിലുള്ള നടപടികള്‍ കൈക്കൊള്ളേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

അയര്‍ലണ്ടില്‍ വിവിധ പ്രദേശങ്ങളില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി തയ്യാറാക്കുന്ന കെട്ടിടങ്ങള്‍ക്ക് മുന്നില്‍ ഈയിടെയായി ഇത്തരം പ്രതിഷേധങ്ങള്‍ കനത്തിരിക്കുകയാണ്. ഇത്തരം രണ്ട് കേന്ദ്രങ്ങള്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിക്കുകയുമുണ്ടായി.

Share this news

Leave a Reply

%d bloggers like this: