അയർലണ്ടിലെ സർക്കാർ ജോലിക്കാരുടെ ശമ്പളം 10.25% വർദ്ധിപ്പിക്കാൻ ധാരണ

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 10.25% വര്‍ദ്ധന വരുത്താന്‍ ധാരണ. ഇന്നലെ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷനില്‍ വച്ച് സര്‍ക്കാര്‍ പ്രതിനിധികളും, ജീവനക്കാരുടെ സംഘടനകളും നടത്തിയ ചര്‍ച്ചയിലാണ് ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് ധാരണയായത്. രാജ്യത്തെ 385,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം.

അടുത്ത രണ്ടര വര്‍ഷത്തിനിടെ പല തവണയായാണ് ഈ നിരക്കില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുക. ഇതിനായി 3.6 ബില്യണ്‍ യൂറോ അധികമായി കണ്ടെത്തേണ്ടതുണ്ട്.

അതേസമയം ജനുവരി 11-ന് നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ശമ്പള പാക്കേജ് ജീവനക്കാരുടെ സംഘടനകള്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്നലത്തെ ചര്‍ച്ചയിലെ തീരുമാനം മുന്‍ തീരുമാനത്തെക്കാള്‍ മെച്ചപ്പെട്ടതാണെന്ന് ജീവനക്കാരുടെ സംഘടനയായ Forsa പ്രതികരിച്ചു. Irish Nurses and Midwives Organisation (INMO), Irish National Teachers’ Organisation (INTO) എന്നിവരും ഇന്നലത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ശമ്പള വര്‍ദ്ധന സംബന്ധിച്ച് യൂണിയനുകളുമായി ധാരണയിലെത്തിയതിനെ പൊതുധന വിനിയോഗ വകുപ്പ് മന്ത്രി Paschal Donohoe സ്വാഗതം ചെയ്തു. കൂട്ടായ തീരുമാനങ്ങള്‍ പൊതുസേവനരംഗത്ത് അനിവാര്യമാണെന്ന് പറഞ്ഞ മന്ത്രി, മെച്ചപ്പെട്ടതും, അതേസമയം സര്‍ക്കാരിന് താങ്ങാവുന്നതുമായ ഒരു ധാരണയാണിതെന്നും കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: