യു.കെയിൽ ഡിസ്പോസബിൾ ഇ-സിഗററ്റുകൾക്ക് നിരോധനം; അയർലണ്ടിലും നിരോധനം വന്നേക്കുമെന്ന് മാർട്ടിൻ

ഡിസ്‌പോസബിള്‍ വേപ്പറുകള്‍ അഥവാ ഇ സിഗരറ്റ് വേപ്പറുകള്‍ക്ക് അയര്‍ലണ്ടില്‍ നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. സമാനമായ നിരോധനം യു.കെയില്‍ പ്രധാനമന്ത്രി ഋഷി സുനക് നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍.

സിഗരറ്റിന് പകരമായാണ് ഇ സിഗരറ്റ് വേപ്പറുകള്‍ പല രാജ്യങ്ങളിലും സുലഭമായത്. എന്നാല്‍ ഇവ പുകവലി വര്‍ദ്ധിക്കാന്‍ കാരണമായതായും, പ്രത്യേകിച്ച് കുട്ടികളില്‍ രോഗങ്ങളുണ്ടാക്കുന്നതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യു.കെ നടപടിയെടുത്തിരിക്കുന്നത്. ഇതോടെ യു.കെ, വടക്കന്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ വേപ്പറുകള്‍ക്ക് നിരോധനം നിലവില്‍ വന്നു.

യു.കെയില്‍ ഇ സിഗരറ്റ് ഉപയോക്താക്കളായ കുട്ടികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്നിരിട്ടിയായതായാണ് റിപ്പോര്‍ട്ട്. 11-15 പ്രായക്കാരായ 9% കുട്ടികളും വേപ്പറുകള്‍ ഉപയോഗിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഡിസ്‌പോസബിള്‍ വേപ്പറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലാന്റില്‍ കഴിഞ്ഞ വര്‍ഷം തന്നെ നിരോധനം നിലവില്‍ വന്നിരുന്നു.

അതേസമയം രാജ്യത്ത് 18 വയസിന് താഴെയുള്ളവര്‍ക്ക് വേപ്പറുകള്‍ വില്‍ക്കുന്നത് ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ അയര്‍ലണ്ട് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: