അയർലണ്ടിൽ നഴ്‌സിങ് റിക്രൂട്ട്മെന്റ് നിർത്തിവച്ച നടപടി ഫലം കണ്ടോ എന്ന് ഉറപ്പില്ല: HSE മേധാവി

അയര്‍ലണ്ടിലെ പൊതു ആരോഗ്യമേഖലയിലേയ്ക്കുള്ള പുതിയ റിക്രൂട്ട്‌മെന്റുകള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവച്ച നടപടി ഫലം കാണുന്നുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് HSE മേധാവി Bernard Gloster. അതേസമയം പുതിയ ജീവനക്കാരെ നിലവില്‍ നിയമിക്കുന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ടതിലും അധികം പേരെ ജോലിക്കെടുത്തതായും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തില്‍ Gloster വ്യക്തമാക്കി.

2023-ല്‍ നഴ്‌സുമാര്‍ അടക്കം 6,100 പേരെ നിയമിക്കാനായിരുന്നു HSE തീരുമാനം. എന്നാല്‍ 8,300 പേരെ നിയമിക്കാന്‍ സാധിച്ചു.

കൂടുതല്‍ പേരെ നിയമിക്കാന്‍ കഴിഞ്ഞെങ്കിലും മെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ്, മാനേജ്‌മെന്റ് തസ്തികകളില്‍ ഇപ്പോഴും നിരവധി ഒഴിവുകളുണ്ടെന്നും Gloster പറഞ്ഞു. ആവശ്യമായി ഫണ്ട് ലഭിക്കാത്തതിനാലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരിക്കുന്നതെന്നും അദ്ദേഹം കമ്മിറ്റിക്ക് മുമ്പില്‍ അറിയിച്ചു.

റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചെങ്കിലും മിഡ്‌വൈഫറി പോലെ ഉടനടി നിയമനം നടത്തേണ്ട തസ്തികകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് Gloster പറഞ്ഞു.

നഴ്‌സിങ് ജോലിക്കായി ഏജന്‍സികളെ ആശ്രയിക്കുന്നത് കുറച്ച് ഫണ്ടിങ് മറ്റ് ആവശ്യങ്ങള്‍ക്കായി വഴിമാറ്റാനുള്ള നടപടികളാണ് HSE ഇപ്പോള്‍ നടത്തിവരുന്നത്.

രാജ്യത്ത് നഴ്‌സുമാരുടെ ദൗര്‍ലഭ്യത തുടരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കെയാണ് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചതിനുള്ള കാരണം HSE കമ്മിറ്റിക്ക് മുമ്പില്‍ വിശദീകരിച്ചത്. 2024 ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന 95 മില്യണ്‍ യൂറോ അധിക സഹായം ഉപയോഗിച്ച് ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ ശ്രമിക്കുമെന്നും HSE പറയുന്നു.

Share this news

Leave a Reply

%d bloggers like this: